പത്തനംതിട്ട: വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക ശുചിമുറി സൗകര്യം ഇന്നു മുതല്‍ ലഭ്യമാകും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന് സിറ്റിംഗില്‍ അംഗം ഡോ. ഷാഹിദാ കമാലിനു മുന്‍പാകെ കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക ശുചിമുറി നല്‍കുമെന്ന് നഗരസഭ അധികൃതര്‍ രേഖാമൂലം ഉറപ്പു നല്കി.
പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡിലെ ശുചിമുറി ഉപയോഗിക്കുന്ന കെഎസ്ആര്‍ടിസി വനിതാ ജീവനക്കാരോട് കരാറുകാരന് അമിതമായി പണം വാങ്ങുന്നതായും അപമര്യാദയായി പെരുമാറുന്നുവെന്നുമുള്ള പരാതിയിന്മേല് വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദാ കമാല്‍ മുന്‍പ് നേരിട്ടെത്തി അന്വേഷണം നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് വനിതാ ജീവനക്കാര്‍ക്ക് സൗജന്യമായി ശുചിമുറി ഉപയോഗിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നഗരസഭയ്ക്ക് വനിതാ കമ്മീഷന് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, കരാറുകാരന് വനിതാ കമ്മിഷന്റെ നിര്‍ദേശം പാലിച്ചിരുന്നില്ല. തുടര്‍ന്ന് ഇതു പരിഹരിക്കണമെന്ന് വനിതാ കമ്മീഷന് വീണ്ടും നഗരസഭയ്ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതിന്റെ ഭാഗമായി നഗരസഭ അധികൃതര്‍ കരാറുകാരനോടു വിശദീകരണം തേടിയിരുന്നു. ഭാവിയില്‍ കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കരാറില്‍ ഉള്‍പ്പെടാത്ത മറ്റൊരു ശുചിമുറി തുറന്നു നല്‍കുന്നതിന് നഗരസഭ അധികൃതര്‍ വനിതാ കമ്മീഷനു രേഖാമൂലം ഉറപ്പു നല്കി.
93 പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്കായി എത്തിയത്. ഇതില്‍ 13 പരാതികള്‍ തീര്‍പ്പായി. 18 പരാതികള്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കായി അയച്ചു. ആറു പരാതികള്‍ കൗണ്‍സിലിംഗിനും ഏഴ് പരാതികള്‍ ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിനും നല്കി. 49 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.