ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭയ്ക്ക് സംസ്ഥാന ശുചിത്വമിഷന്റെ സീറോ വേയ്സ്റ്റ് ഗ്രൗണ്ട് ബഹുമതി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ശുചിത്വമിഷന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ ആദ്യ സീറോ വേയ്സ്റ്റ് ഓണ്‍ ഗ്രൗണ്ടായി നഗരസഭാ ചെയർമാൻ കെ.മധു പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞവർഷം ജൈവകൃഷിക്ക് സംസ്ഥാനത്ത് ഒന്നാംസ്ഥാനവും മുൻവർഷങ്ങളിൽ മാലിന്യ സംസ്കരണത്തിന് രണ്ടും മുന്നും സ്ഥാനവും നഗരസഭ നേടിയിരുന്നു. നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിൽനിന്നുമുള്ള മാലിന്യം പ്രകൃതിക്ക് ദോഷകരമാകാത്ത രീതിയിൽ സംസ്കരിക്കുന്നതിനാണ് സീറോ വേയ്സ്റ്റ് ഗ്രൗണ്ട് ലക്ഷ്യമിടുന്നത്.
മുൻവർഷങ്ങളിൽ എണ്പതു ശതമാനം മാലിന്യവും സംസ്കരിച്ചിരുന്നു. മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതിനു വീടുകളിൽതന്നെ ജൈവ മാലിന്യം സംസ്കരിക്കാൻ ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ സബ്സിഡി നിരക്കിൽ നഗരസഭ വിതരണം ചെയ്തിരുന്നു.
ചെറിയതോതിൽ ഉപയോഗനിരക്ക് ഈടാക്കി ഹരിതകർമസേന അജൈവ മാലിന്യം വീടുകളിലെത്തി ശേഖരിക്കുന്ന പദ്ധതിയും നടത്തുന്നു. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലെത്തിച്ചാണ് നടപടികൾ ചെയ്യുന്നത്. സംസ്കരണത്തിനു തടസമുണ്ടാകുന്ന മാലിന്യം ക്ലീൻകേരള പദ്ധതി കന്പനിക്കു കൈമാറും.
ശുചിത്വമിഷൻ, നഗരസഭാവാസികൾ, ജീവനക്കാർ എന്നിവരുടെ സഹകരണമാണ് പദ്ധതിയുടെ വിജയത്തിനു സഹായമാകുന്നതെന്ന് ചെയർമാൻ കെ.മധു അറിയിച്ചു.