കായംകുളം : വള്ളികുന്നത്ത് കിടപ്പ് മുറിയിൽ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ 19 കാരിയായ മകൾ സുചിത്രയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
കായംകുളം കൃഷ്ണപുരം വടക്ക് കൊച്ചുമുറിയിൽ സുനിൽ നിവാസിൽ സുനിൽ -സുനിത ദമ്പതികളാണ് മകൾ സുചിത്ര ജീവനൊടുക്കില്ലെന്നും അവളെ കൊന്നതാണന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
മകളെ കൊന്ന് കെട്ടി തൂക്കിയതാണ്. ഭർതൃ മാതാവും പിന്നെ മറ്റൊരാളും പിന്നിലുണ്ട്. സ്വര്‍ണത്തിനും കാറിനും പുറമേ വിഷ്ണുവിന്റെ സഹോദരിക്ക് പത്ത് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നും അതിനാൽ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് സൈനികനായ ഭർത്താവ് വിഷ്ണുവും അവരുടെ മാതാപിതാക്കളും ആവശ്യപ്പെട്ടിരുന്നെന്നും സ്ത്രീധനത്തിന്റെ പേരില്‍ മകളെ നിരന്തരം പീഡിപ്പിച്ചതായും അവർ പറഞ്ഞു.
മൂന്ന് മാസം മുമ്പ് വിവാഹം ചെയ്ത് അയച്ച മകളുടെ അപ്രതീക്ഷിത വേര്‍പാടിന്റെ കാരണങ്ങളും ദുരൂഹതകളും കണ്ടെത്തണമെന്നാണ് കണ്ണീരോടെ കുടുംബം ആവശ്യപ്പെടുന്നത്.
സ്ത്രീധനമായി പറഞ്ഞുറപ്പിച്ച സ്വര്‍ണ്ണവും കാറും നല്‍കിയാണ് സുചിത്രയുടെ വിവാഹം നടത്തിയത്. ഇതിന് പുറമേ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഭര്‍ത്താവ് വിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
പണം നല്കാന് വൈകിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വര്‍ണ്ണം ലോക്കറില്‍ സൂക്ഷിക്കുന്നതിന്റെ പേരിലും തര്‍ക്കമുണ്ടായെന്ന് സുചിത്രയുടെ കുടുംബം പറയുന്നു.
മകള്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങള്‍ കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിച്ച വനിത കമ്മീഷനോട് സുചിത്രയുടെ മാതാപിതാക്കൾ വിശദീകരിച്ചിരുന്നു.
സുചിത്രയുടെ മുറിയില്‍ നിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ പോലീസിന്റെ പക്കലുണ്ട്. ഫോണ്‍ രേഖകള്‍ ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
കുടുംബം ഉന്നയിക്കുന്ന സ്ത്രീധന പീഡന ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്ന് വള്ളികുന്നം പോലീസ് അറിയിച്ചു.