കൊട്ടിയം: പാലക്കാട് മണലിയിലുള്ള വാടക വീട്ടിൽ വച്ച് ബ്യൂട്ടീഷ്യൻ ട്രെയിനറായ മുഖത്തല സ്വദേശി സുചിത്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതിയെ കൊല്ലത്തു കൊണ്ടുവന്ന് തെളിവെടുപ്പു തുടങ്ങി.
മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബിഎസ്എൻഎൽ എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിമിസ്ട്രസ് വിജയലക്ഷമിയുടെയും ഏകമകളായ സുചിത്ര (42)നെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കോഴിക്കോട് പേരാമ്പ്ര ചങ്ങരാത്ത് സ്വദേശി പ്രശാന്തിനെയാണ് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എസിപി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങിയത്.
ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയശേഷം കൊല്ലം ബൈപാസ് റോഡിൽ കല്ലുംതാഴം ജംഗ്ഷന് പടിഞ്ഞാറുവശം എത്തിച്ച് തെളിവെടുത്തു. കൊല്ലത്തെ ബ്യൂട്ടീഷ്യൻ അക്കാദമിയിൽ നിന്നും മാർച്ച് 17ന് വൈകുന്നേരം അഞ്ചോടെ ഓട്ടോയിൽ കല്ലുംതാഴം ബൈപാസ് റോഡിലെത്തിയ സുചിത്രയെ കാറിൽ കയറ്റി കൊണ്ടുപോയ സ്ഥലം പ്രതി പ്രശാന്ത് പോലീസിന് കാട്ടികൊടുത്തു.
കൊല്ലപ്പെട്ട സുചിത്രയുടെ കുടുംബസുഹൃത്തായ പ്രതി ഇവരുടെവീട്ടിൽ മാർച്ച് 15ന് വന്നിരുന്നതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്. സുചിത്രയുടെ മാതാപിതാക്കളെ പ്രതിയെ കാണിക്കുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്.
ഏട്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ കഴിഞ്ഞ ദിവസം സംഭവം നടന്ന പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തുകയും കൊല്ലപ്പെടുന്ന സമയം സുചിത്ര ധരിച്ചിരുന്ന ആഭരണങ്ങളും മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച മൺവെട്ടിയും, മൃതദേഹം കത്തിക്കാൻ ഉപയോഗിച്ച പെട്രോൾവാങ്ങിയ കന്നാസും കണ്ടെടുത്തിരുന്നു.
കേസിലെ പ്രധാന തെളിവുകളിലൊന്നായ മൃതദേഹം വെട്ടിമുറിയ്ക്കുവാൻ ഉപയോഗിച്ച ആയുധം കണ്ടെത്തുവാൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതു കണ്ടെത്തുന്നതിനായി അടുത്ത ദിവസം തന്നെ പ്രതിയുമായി അന്വേഷണസംഘം പാലക്കാട്ടേയ്ക്ക് പോകും. കഴിഞ്ഞ മാർച്ച് 17നാണ് സുചിത്രയെ മാരുതി കാറിൽ കയറ്റി പാലക്കാട്ടെ വാടക വീട്ടിലേക്ക് ഇയാൾ കൊണ്ടു പൊയത്.
ഇരുപതിനാണ് എമർജൻസി ലൈറ്റിന്റെ ചാർജർ കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെ കൊലപ്പെടുത്തുന്നത്. മൃതദേഹം അടുത്ത മുറിയിൽ കൊണ്ടിട്ടശേഷം കാലുകൾ വെട്ടി വീടിന് പുറകിലെ ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു.
20 മുതൽ ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുകൾ ആദ്യം കൊട്ടിയം പോലീസിലും പിന്നിട് സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകുകയും മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തിരുന്നു.
ഹേബിയസ് കോർപ്പസ് നൽകിയതോടെ കേസന്വേഷണം ഏപ്രിൽ അവസാന വാരത്തിൽ കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുക്കുകയും രണ്ടു ദിവസത്തിനുള്ളിൽ പ്രതി പിടിയിലാകുകയും ചെയ്തു.
കൊല്ലപ്പെട്ട സുചിത്രയിൽ നിന്നും പ്രതികടം വാങ്ങിയ രണ്ടര ലക്ഷത്തോളം രൂപാ തിരികെ ചോദിച്ചതും തന്നെ കൂടെ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതുമാണ് കൊലയ്ക്കു കാരണമാക്കിയതെന്നാണ് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. അഡീഷണൽ എസ്പി.ജോസി ചെറിയാൻ, എസ്ഐമാരായ അനിൽ, അമൽ, താഹാ, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.