നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്രിയെ മലയാളി പ്രേക്ഷകര്‍ ഓർത്തിരിക്കാന്‍. ആ പരമ്പരയും സുചിത്രയുടെ കഥാപാത്രവും പ്രേക്ഷകമനസ് കീഴടക്കിയിരുന്നു. മൂന്നര വര്‍ഷത്തോളം വാനമ്പാടിയിലൂടെ സീരിയൽ രംഗത്തുനിറഞ്ഞുനിന്നു. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലേക്കു സ്വപ്നതുല്യമായ അരങ്ങേറ്റം. സുചിത്ര രാഷ്ട്രദീപികയോട്…
മലൈക്കോട്ടൈ വാലിബനിലേക്ക്
ബിഗ്ബോസില്‍ എന്നെ കണ്ടിട്ടുള്ളതിനാല്‍ ഞാന്‍ ആദ്യം കരുതിയത് ഈ കഥാപാത്രം ചെയ്യാന്‍ ലാലേട്ടനാവും എന്നെ വിളിക്കാന്‍ സംവിധായകന് ലിജോ സാറിനോടു പറഞ്ഞതെന്നാണ്. എന്നാല്‍, സെറ്റില്‍ ചെന്നപ്പോഴാണ് ലിജോ സാര്‍ ബിഗ് ബോസ് കാണുമായിരുന്നെന്നും അദ്ദേഹമാണ് ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെ തീരുമാനിച്ചതെന്നും അറിയുന്നത്. അദ്ദേഹം നിര്‍മാതാവിനോടും അസിസ്റ്റന്റ് ഡയറക്ടര്‍ ടിനു പാപ്പച്ചനോടുമൊക്കെ ചര്‍ച്ച ചെയ്ത ശേഷമാണ് എന്നെ ആ സിനിമയിലേക്കു പ്രൊഡക്ഷന്‍ കണ്ട്രോളര് വഴി വിളിക്കുന്നത്.
ബിഗ് ബോസില്‍ വച്ചു രണ്ടോ മൂന്നോ തവണ മാത്രമാണ് ലാലേട്ടനോടു സംസാരിക്കാൻ കഴിഞ്ഞിട്ടുള്ളത്. തുടക്കത്തിൽ ഓള് ദി ബെസ്റ്റ് എന്നു പറഞ്ഞു. പിന്നീട് ഔട്ടായി പോകുന്ന സമയത്തു സ്റ്റേജില്‍നിന്നു അല്പനേരം സംസാരിച്ചു. പിന്നീടു ഫിനാലെയ്ക്കു വന്നപ്പോള്‍ എല്ലാവരുമായും അദ്ദേഹം കുറച്ചുനേരം സംസാരിച്ചു. സെൽഫിയൊക്കെയെടുത്തു. പിന്നീടു ഞാന്‍ അദ്ദേഹത്തെ കാണുന്നത് ഈ സിനിമയുടെ ഷൂട്ടിംഗിനു വന്നപ്പോഴാണ്. ഇപ്പോഴും പലരും കരുതിയിരിക്കുന്നത് അദ്ദേഹമാണ് എന്നെ വാലിബനിലേക്ക് വിളിച്ചതെന്നാണ്.
വാലിബനിലെ കഥാപാത്രം, മോഹന്‍ലാല്‍
മാതംഗി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ലാലേട്ടൻ അവതരിപ്പിക്കുന്ന വാലിബനെ അതിയായി സ്നേഹിക്കുന്ന, വാലിബൻ ഒരു ദിവസം തിരിച്ചു വരുമെന്ന ഉറച്ച പ്രതീക്ഷയിൽ കാത്തിരിക്കുന്ന കഥാപാത്രം. ഈ സിനിമയുടെ ലൊക്കേഷനില്‍ എന്നെ പരിചയമുള്ളതുപോലെയാണ് ലാലേട്ടന് സംസാരിച്ചതും പെരുമാറിയതും.
ഞാന്‍ ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഇത്രയും വലിയൊരു നടനൊപ്പമാണ് അഭിനയിക്കുന്നതെന്ന ടെന്‍ഷന്‍ എല്ലാ അഭിനേതാക്കൾക്കുമുണ്ടാകും, പ്രത്യേകിച്ചു പുതുമുഖങ്ങള്‍ക്ക്. തെറ്റിപ്പോയിട്ടോ മറ്റോ റീടേക്ക് എടുക്കേണ്ടി വന്നാല്‍ അദ്ദേഹത്തിനു മുഷിച്ചിലുണ്ടാകുമോ എന്നൊക്കെയുള്ള ചിന്ത മനസിലുണ്ടാകും. എന്നാല്‍, കൂടെ അഭിനയിക്കുന്ന എല്ലാവരെയും വളരെ കംഫര്‍ട്ടബിളാക്കി മാറ്റാനുള്ള കഴിവ് ലാലേട്ടനുണ്ട്.
വാനമ്പാടിയിലേക്ക്
ചിപ്പിച്ചേച്ചിയും രഞ്ജിത്ത് ചേട്ടനും നിര്‍മിച്ച വാനമ്പാടി എന്ന സീരിയലാണ് കരിയറിൽ വഴിത്തിരിവായത്. മൂന്നര വര്‍ഷത്തോളം ഈ പരമ്പരയില്‍ അഭിനയിച്ചു. അതിനു മുൻപ് മൂന്നു സീരിയലുകളില്‍ അഭിനയിച്ചിരുന്നു. കൃഷ്ണകൃപാസാഗരം, വിശ്വരൂപം, സത്യം ശിവം സുന്ദരം എന്നീ മൂന്നു മെഗാസീരിയലിലും ദേവിയായാണ് അഭിനയിച്ചത്. അതുകൊണ്ടു വല്ലപ്പോള്‍ മാത്രം പ്രത്യക്ഷപ്പെട്ടാല്‍ മതിയായിരുന്നു. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മൂന്നോ നാലോ ദിവസത്തെ ചിത്രീകരണം മാത്രമേ ഉണ്ടായിരുന്നുള്ളു.
മാതാപിതാക്കളുടെ ആശങ്ക
സീരിയൽ രംഗത്തേക്കു ഞാന്‍ വരുന്ന കാലത്തു മാതാപിതാക്കള്‍ക്കു ചെറിയ ആശങ്കയുണ്ടായിരുന്നു. ഈ ഇന്‍ഡസ്ട്രിയെക്കുറിച്ചു പൊതുവേ പലർക്കുമുള്ള ആശങ്കകൾ അവർക്കുമുണ്ടായിരുന്നു. വാനമ്പാടിലൂടെ എനിക്കു പ്രേക്ഷകരില്‍നിന്നു കിട്ടിയ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു. നെഗറ്റീവ് ടച്ചുള്ള വേഷം ആയിട്ടു പോലും മിക്കവരും എന്നെ ഇഷ്ടപ്പെട്ടു. ആ സമയത്ത് ഒട്ടേറെ പൊതുപരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുമൊക്കെ ആളുകള്‍ വിളിക്കുമായിരുന്നു. എന്നോടൊപ്പം അച്ഛനും അമ്മയും വരും. അങ്ങനെ ചെല്ലുന്നിടങ്ങളിലെ ആളുകളുടെ സ്നേഹമൊക്കെ കണ്ടാണ് അവരുടെ ആശങ്ക മാറിയത്.
ബിഗ്ബോസിലേക്ക്
മെഗാഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി. ടോപ് റേറ്റിംഗില്‍ എത്തിയ പരമ്പര. അതിനു ശേഷം ആരാദ്യം പാടും എന്ന ഷോയുടെ അവതാരകയായി. അതിനും മികച്ചറേറ്റിംഗ് ഉണ്ടായിരുന്നു. ആ സമയത്താണ് ബിഗ്ബോസിലേക്കു ക്ഷണം ലഭിച്ചത്.
സിനിമയില്‍ അവസരം നഷ്ടപ്പെട്ടു
സിനിമയില്‍ ഒന്നുരണ്ട് അവസരങ്ങൾ വന്നിരുന്നു. ഇങ്ങോട്ടു വിളിച്ചു വേഷമുണ്ടെന്ന് പറഞ്ഞതാണ്. എന്നാൽ, പിന്നീട് ഒഴിവാക്കി. ഇതെനിക്കു മാത്രമല്ല, സീരിയല്രംഗത്തുള്ള പലർക്കും ഉണ്ടായിട്ടുള്ള അനുഭവമാണ്. സീരിയലിൽ കണ്ടുമടുത്ത മുഖം എന്നു പറഞ്ഞാണ് സിനിമയില്‍നിന്ന് ഒഴിവാക്കുന്നത്. സീരിയലിലൂടെ വളരെ ശ്രദ്ധിക്കപ്പെട്ടു പോയി. കുറച്ചുകാലം മാറിനിന്നാൽ ആ പേരു മാറും. എന്നിട്ട് നോക്കാമെന്നൊക്കെയാണ് ഒഴിവാക്കലിനുള്ള കാരണമായി അവര്‍ പറഞ്ഞത്.
സീരിയല്‍ നടി
ലിജോ സര് അദ്ദേഹത്തിന്റെ സിനിമയില്‍ സീരിയല്‍ നടിയെ അഭിനയിപ്പിച്ചു എന്നു ചിലര്‍ വിമര്‍ശനം ഉന്നയിച്ചതായി ഞാനും കേട്ടു. പക്ഷേ, അദ്ദേഹത്തിന് അങ്ങനെയൊരു ഫീല്‍ ഇല്ല. പിന്നെ ഞാന്‍ സീരിയല്‍ അഭിനയം നിര്‍ത്തിയിട്ട് മൂന്നു നാലു വര്‍ഷം കഴിഞ്ഞു. ഒരു സീരിയലിൽ ചേർന്നാൽ അതിനായി മൂന്നു നാലു വര്‍ഷം മാറ്റിവയ്ക്കണം.
മാസത്തില്‍ 22-25 ദിവസം വരെ ഷൂട്ട് ഉണ്ടാകും. ഇപ്പോള്‍ എനിക്കു വരുന്നതു കൂടുതലും സിനിമകളാണ്. കുറച്ചു നല്ല സിനിമകൾ ചെയ്യാമെന്നാണു കരുതുന്നത്. സിനിമയില്‍നിന്നു സീരിയലിലേക്കു വരുന്നതിനു തടസമില്ല. സീരിയലില്‍നിന്നു സിനിമയിലേക്കു വരുന്നതിനാണ് തടസങ്ങള്‍.
ചിത്രങ്ങളിലെ പെൺകുട്ടി
വാരികകളിലെ നോവലുകളിൽ വരയ്ക്കുന്ന ചിത്രങ്ങളിലെ പെണ്‍കുട്ടിയെപ്പോലെയാണ് ഞാനെന്ന് ഒരുപാടു പേർ പറയാറുണ്ട്. എന്റെ ഫോട്ടോകൾക്കും ഇത്തരം കമന്റുകൾ ധാരാളം ലഭിക്കുന്നുണ്ട്. അതു കാണുമ്പോഴും കേള്‍ക്കുമ്പോഴും സന്തോഷമുണ്ട്.
കുടുംബവിശേഷം
അച്ഛന് വിക്രമന് നായര്‍, അമ്മ പ്രസന്നകുമാരി, മൂത്ത സഹോദരന് സൂരജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനടുത്താണ് താമസം.
പ്രദീപ് ഗോപി