ഞാനൊരു പാവം വില്ലത്തി! ടിവിയില്‍ കാണിക്കുന്ന ദുഷ്ടത്തരം കണ്ടാല്‍ ആരും നിന്നെ പ്രാകി പോകും; മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ വില്ലത്തി സുചിത്ര നായര്‍ മനസുതുറക്കുന്നു…

സീരിയലിലെ പദ്മിനിയെ പോലെയല്ല. ജീവിതത്തില്‍ ഞാനൊരു പാവം ആണ്.’ ഇതു പറയുന്നത് മറ്റാരുമല്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ വില്ലത്തിയായി മാറിയ താരം സുചിത്ര നായരാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി എന്ന സീരിയലിലെ പദ്മിനിയെന്ന കഥാപാത്രത്തെയാണ് സുചിത്ര നായര്‍ അവതരിപ്പിക്കുന്നത്.

സീരിയല്‍ 700 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ അതിലെ നിര്‍ണായക കഥാപാത്രമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് സുചിത്ര. പദ്മിനിയോട് ദേഷ്യമാണെങ്കിലും സുചിത്രയോടു വാത്സല്യമാണ് സ്ത്രീ പ്രേക്ഷകര്‍ക്ക്. സുചിത്ര നായരുടെ വിശേഷങ്ങളിലേക്ക്…

ആറാം വയസില്‍ തുടങ്ങിയ അഭിനയം

ആറാം വയസില്‍ ഒരു വീഡിയോയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വീട്ടില്‍ ആര്‍ക്കും എന്നെ അഭിനയരംഗത്തേക്കു വിടാന്‍ ഇഷ്ടമില്ലായിരുന്നു. സീരിയല്‍ രംഗത്തു പോകുന്നതിനെ ചേട്ടന്‍ എതിര്‍ത്തു. ആദ്യമെല്ലാം ദേവി വേഷമായതുകൊണ്ടു രക്ഷപ്പെട്ടു. ഇപ്പോള്‍ ആരും ഒന്നും പറയുന്നില്ലെങ്കിലും ശക്തമായ നിയന്ത്രണമൊക്കെയുണ്ട്.

അച്ഛന്റെ സുഹൃത്ത് ബേബി മണ്ണാറക്കയം വഴിയാണ് അഭിനയരംഗത്തേക്കു വന്നത്. ആദ്യം അഭിനയിച്ചതു ദേവിയായി. കൃഷ്ണ കൃപാസാഗരം, വിശ്വരൂപം, സത്യംശിവംസുന്ദരം തുടങ്ങിയ സീരിയലുകളില്‍ കഥാപാത്രം ദേവിയായതു കൊണ്ട് വീട്ടിലുള്ളര്‍ക്കും സന്തോഷമായി. പിന്നെയും പുരാണ കഥാപാത്രങ്ങള്‍ കിട്ടി. എല്ലാം ദേവി വേഷം. ദൈവമാകുന്നതാണ് സുഖം. പിന്നീട് സ്‌ക്രീനില്‍ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് കുടുംബ സീരിയലുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്.

ലൊക്കേഷന്‍ വിശേഷം

കാട്ടാക്കടയ്ക്കു സമീപമാണ് വാനമ്പാടിയുടെ ലോക്കേഷന്‍. ഭൂരിപക്ഷം പേരും സമീപപ്രദേശങ്ങളിലാണ് താമസിക്കുന്നത്. എന്നാല്‍ ലൊക്കേഷനടുത്തായി താമസിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതുമൂലം ഞാന്‍ വീട്ടില്‍ വന്നു പോകുകയാണ്. ഏതായാലും രാവിലെ ആറരയ്ക്കു പുറപ്പെട്ടു രാത്രി പന്ത്രണ്ടു മണിക്ക് എത്തുന്ന ഷെഡ്യൂളാണ് എന്നും. സീരിയലില്‍ മാത്രമേ ഞങ്ങള്‍ തമ്മില്‍ അടിയുള്ളൂ.

അവിടെ എത്തിക്കഴിഞ്ഞാല്‍ ഞാന്‍ ബഹളം വയ്ക്കും, കുസൃതി ഒപ്പിക്കും. ഞാനില്ലെങ്കില്‍ സെറ്റ് തന്നെ മൗനത്തിലാകുമെന്നാണ് എല്ലാവരും പറയുന്നത്. അവിടെ കുട്ടികളും ഞങ്ങളും പാട്ടുപാടും, കളിക്കും. എല്ലാത്തിനും നേതൃത്വം കൊടുക്കുന്നത് ഞാനാണെന്നു മാത്രം. എപ്പോഴും ആക്ടീവായിരിക്കാനാണ് എനിക്കിഷ്ടം.

പ്രേക്ഷകരുടെ മനോഭാവം

 എന്റെ വല്യമ്മച്ചിപോലും എന്നോടു പറഞ്ഞിട്ടുണ്ട്. ‘എന്റെ മോളെ, നീ കാര്യം പറഞ്ഞാല്‍ എന്റെ കൊച്ചുമോളാണ്. പക്ഷേ, ടിവിയില്‍ കാണിക്കുന്ന ദുഷ്ടത്തരം കണ്ടാല്‍ ആരും നിന്നെ പ്രാകി പോകുമെന്ന്.’ ഈ അഭിപ്രായം പലരും പറയുന്നു.

എന്നെ അറിയാവുന്ന ബന്ധുക്കളും കൂട്ടുകാരും ഇപ്പോഴും സംശയത്തിലാണ്. ഈ പാവം കൊച്ചാണോ ഇത്ര വില്ലത്തിയായി അഭിനയിക്കുന്നതെന്നോര്‍ത്ത്. ഞാന്‍ ജീവിതത്തില്‍ ഒരു വില്ലത്തിയുമല്ല. പഞ്ചപാവമാണെന്ന് എന്നെ അറിയാവുന്നവര്‍ പറയും. എപ്പോഴും വാചകമടിച്ചു, കുസൃതി കാണിച്ചു നടക്കുന്ന കുട്ടിയാണ് ഞാന്‍.

പൊതുവേദികളില്‍ എത്തുമ്പോള്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഇന്നുവരെ മോശമായ അനുഭവം എനിക്കുണ്ടായിട്ടില്ല. പകരം സന്തോഷവും സ്‌നേഹവും അനുഭവിച്ചിട്ടുണ്ട്. എന്നൊടൊപ്പം ഫോട്ടോ എടുക്കാനും പദ്മിനി എന്ന കഥാപാത്രം എന്ത് ചെയ്യുന്നുവെന്നറിയാനും എല്ലാവര്‍ക്കും താല്‍പര്യമാണ്. അമ്പലത്തിലും ഷോപ്പിംഗ് മാളിലും വച്ചു കണ്ടാല്‍ സ്ത്രീകളും കുട്ടികളും ഓടി വരും.

കുറച്ചുനാളുകള്‍മുമ്പു ആറ്റുകാലമ്മയ്ക്കു പൊങ്കാലയിടാന്‍ പോയപ്പോള്‍ സ്ത്രീകള്‍ ഓടി വന്നു. ഒരു വല്യമ്മച്ചി അടുത്തു വന്ന് എന്റെ തല പിടിച്ചുതാഴ്ത്തി. ചുംബനത്തോടൊപ്പം കവിളില്‍ ഒരു കടിയും തന്നു. ഈ കുട്ടിയാണോ ഇത്ര വില്ലത്തിയായതെന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. ഞാന്‍ വെറും പാവമാണ്. ഇനിയും ഈ സ്‌നേഹം നിങ്ങള്‍ക്ക് ഉണ്ടാകണം.

സിനിമയിലേക്ക്

സീരിയലില്‍ നിന്ന് ഇപ്പോള്‍ ധാരാളം ഓഫറുകള്‍ വന്നു കൊണ്ടിരിക്കുന്നു. നല്ല നിര്‍മാതാക്കളും സംവിധായകരും വരുന്നുണ്ട്. പക്ഷേ, തല്‍ക്കാലം ബ്രേക്ക് ചെയ്യുകയാണ്. ഇനി കുറച്ചു നാളുകള്‍ കഴിഞ്ഞു മാത്രമേ സീരിയല്‍ രംഗത്തേക്കുള്ളൂ. അതായത് സീരിയലിനു ഫുള്‍സ്റ്റോപ്പ് ഇടുന്നില്ല.

പക്ഷേ, ഒരു സിനിമയില്‍ അഭിനയിക്കണം. അതും നായിക വേഷത്തില്‍. ഒരേ ഒരു സിനിമയില്‍ മാത്രമേ അഭിനയിക്കൂ. അതുകൊണ്ട് ഏതെങ്കിലും വേഷവുമായി വന്നാല്‍ സ്വീകരിക്കില്ല. എനിക്ക് ഒരു സിനിമ മതി. അതില്‍ നായികയായിരിക്കണം എന്നു മാത്രം. അതു വരെ നൃത്തത്തിലേക്കു തിരിയും. സീരിയലില്‍ നിന്നും ബ്രേക്ക് കൊടുത്ത് ഇനി അല്പകാലം നൃത്തം.

പ്രശസ്ത നര്‍ത്തകി ഡോ.നീന പ്രസാദിന്റെ കീഴില്‍ ഒമ്പതു വര്‍ഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. മോഹിനിയാട്ടമാണ് പരിശീലിച്ചത്. കാറ്റത്ത് ആടുന്ന നെല്‍ക്കതിര്‍ പോലെയായിരിക്കണം മോഹിനിയാട്ടം നര്‍ത്തകി എന്നാണ് ടീച്ചറിന്റെ ഉപദേശം. നൃത്തം എന്റെ ആദ്യപ്രണയമാണ്. ഷൂട്ടിംഗും മറ്റു തിരക്കുകളും കാരണം ഇപ്പോള്‍ പരിപാടികള്‍ അവതരിപ്പിക്കാനോ പരിശീലനത്തിനോ സമയം കിട്ടുന്നില്ല. ഇനി സജീവമാകണം. ഡാന്‍സ് ക്ലാസ് തുടങ്ങുന്ന കാര്യം പോലും പരിഗണനയിലുണ്ട്.

നല്ലൊരു പാചകക്കാരിയാണ്

ഞാന്‍ നല്ലൊരു പാചകക്കാരിയാണ്. ഏതു രീതിയിലുള്ള ഭക്ഷണവും തയാറാക്കും. സീരിയല്‍ ഇല്ലാത്തപ്പോള്‍ പാചകം ഏറ്റെടുക്കും. എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരു മാര്‍ഗമാണിത്. കിച്ചണില്‍ ഒരു പരീക്ഷണമാണ്. ചേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയും ഞങ്ങള്‍ ഇവളുടെ മുയലുകളാണെന്ന്.

നോണ്‍വെജിനോടാണ് കൂടുതല്‍ ഇഷ്ടം. എന്നാല്‍ ഭക്ഷണം കുറച്ചേ കഴിക്കാറുള്ളൂ കേട്ടോ. മറ്റുള്ളവര്‍ക്കു ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതിനോടാണ് താത്പര്യം. ഞാനുണ്ടാക്കുന്ന ഭക്ഷണം മോശമാണെന്ന് ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. പാചകത്തില്‍ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഏറെ ആഗ്രഹങ്ങളൊന്നുമില്ല

അഭിനയിക്കണമെന്ന മോഹം കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. എന്നെ സീരിയലില്‍ അഭിനയിക്കാന്‍ വിടുന്നതില്‍ വീട്ടില്‍ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. എന്റെ വാശി മൂലമാണ് അഭിനയിച്ചത്. സഹോദരന് ഇതൊന്നും ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ, ഇപ്പോള്‍ ഒന്നും പറയാറില്ലെന്നുമാത്രം.

എനിക്ക് വലിയ സ്വപ്‌നമൊന്നുമില്ല. ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ചു. സീരിയലില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു. അത് സാധിച്ചു. ധാരാളം ഓഫറുകള്‍ വരുമ്പോഴും എനിക്ക് ഇതില്‍ തന്നെ നില്‍ക്കണമെന്ന് ആഗ്രഹമില്ല. എല്ലാം നേടണമെന്ന ആഗ്രഹവുമില്ല. ചേട്ടന്റെ ജാതകത്തില്‍ സഹോദരി പ്രശസ്തയാകുമെന്നുണ്ടായിരുന്നതായി അമ്മ പറഞ്ഞിട്ടുണ്ട്. ചെറിയ സിനിമാ മോഹങ്ങളുണ്ടെന്നു മാത്രം. തേന്മാവിന്‍ കൊമ്പത്ത് ശോഭന ചെയ്ത വേഷം ഇഷ്ടമാണ്. അതു പോലെ തന്നെ കിലുക്കത്തിലെ രേവതിയുടെ വേഷവും.

ഓവര്‍ ഫാഷന്‍ ഇഷ്ടമല്ല

എന്റെ സ്റ്റൈലുകളും വസ്ത്രധാരണവുമൊക്കെ പല വേദികളിലും ചര്‍ച്ചയാകുന്നുണ്ട്. പലരും നല്ല അഭിപ്രായം പറയാറുണ്ട്. ദേവിയായിരുന്നപ്പോള്‍ ഇതൊന്നും സാധിക്കില്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ മാറ്റം വന്നു. എന്റെ ആഭരണവും ബ്ലൗസിന്റെ പഫ് സ്റ്റൈലുമൊക്കെ പലരും സ്വീകരിച്ചുകഴിഞ്ഞു.

വസ്ത്രധാരണശൈലിയും ഒത്തിരിപേര്‍ക്ക് ഇഷ്ടമാണ്. വസ്ത്രങ്ങള്‍ ഞാന്‍ തന്നെയാണ് ഡിസൈന്‍ ചെയ്യുന്നത്. ബ്ലൗസിന്റെ ഡിസൈനും സ്വന്തമായിട്ടാണ് തയാറാക്കുന്നത്. എനിക്ക് ഓവര്‍ഫാഷന്‍ ഇഷ്ടമില്ല. സെറ്റ് സാരിയും ചുരിദാറും സാരിയുമൊക്കെയാണ് ഇഷ്ടം.

വിവാഹത്തിനു സമയമായില്ല

വിവാഹത്തിനു സമയമായിില്ല. എന്നെ അറിയുന്ന, മനസിലാക്കുന്ന ഒരാള്‍ ജീവിതത്തിലേക്കു വരണമെന്നാണ് ആഗ്രഹം. അതു സിനിമ കഴിഞ്ഞുമതി എന്നാഗ്രഹിച്ചാലും കുറ്റമുണ്ടോ?

കുടുംബം

ജനിച്ചതും വളര്‍ന്നതും പഠിച്ചതും തിരുവനന്തപുരത്താണ്. അച്ഛന്‍ വിക്രമന്‍നായര്‍ കോണ്‍ട്രാക്ടറാണ്. അമ്മ പ്രസന്നകുമാരി. ഏക സഹോദരന്‍ സൂരജ്. ചേട്ടന്‍ അച്ഛനൊപ്പം ബിസിനസ് ചെയ്യുന്നു. സെന്‍ട്രല്‍ സ്‌കൂള്‍, സെന്റ് മേരീസ്, മാര്‍ ഇൗവാനിയോസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഒറ്റയ്ക്ക് ഒരിടത്തും പോകരുത്, കറങ്ങി നടക്കരുത് എന്നുള്ള നിബന്ധനകളൊക്കെ എപ്പോഴുമുണ്ട്.

28 വയസിനുള്ളില്‍ തിരുവനന്തപുരം വിട്ടു ഞാന്‍ പോയിട്ടുള്ളത് എറണാകുളത്തും തൃശൂരിലും മാത്രമാണ്. ഒരിക്കല്‍ ടീച്ചര്‍ക്കൊപ്പം ചെന്നൈവരെ പോയതാണ് ജീവിതത്തില്‍ ഇതുവരെയുള്ള വലിയ യാത്ര. സീരിയല്‍ രംഗത്തൊരു അവാര്‍ഡ് വാങ്ങാന്‍ മുംബൈയില്‍ പോയപ്പോഴാണ് ആദ്യമായി വിമാനത്തില്‍ കയറുന്നതു പോലും.

ജോണ്‍സണ്‍ വേങ്ങത്തടം

Related posts