കൊട്ടിയം മുഖത്തല സ്വദേശിയും ബ്യൂട്ടീഷനുമായ സുചിത്രപിള്ള വധക്കേസിലെ പ്രതി പ്രശാന്തിനെ കൊല്ലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസ് അന്വേഷിക്കുന്ന കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് സംഘം പ്രതിയുമായി കല്ലുംതാഴത്ത് എത്തിയത്. ഇതിന് ശേഷമുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ കിട്ടിയത്.
കൃത്യമായ തയ്യാറെടുപ്പോടെയാണ് പ്രശാന്ത് മാര്‍ച്ച് 15നു കൊല്ലത്തെത്തിയത്. താലികെട്ടി വിവാഹം കഴിക്കാമെന്ന പ്രതീക്ഷ നല്‍കിയാണ് സുചിത്രയെ പാലക്കാട്ടേക്ക് കൊണ്ടുപോയത്.
പ്രശാന്ത് കഴുത്തില്‍ താലികെട്ടുന്നതും കുട്ടിയുടെ അമ്മയാകുന്നതും സ്വപ്നം കണ്ടായിരുന്നു സുചിത്രയുടെ യാത്ര.
എങ്ങനേയും സുചിത്രയെ പാലക്കാട്ടേക്ക് കൊണ്ടു പോയി ഗര്‍ഭചിദ്രം നടത്തുകയായിരുന്നു പ്രശാന്തിന്റെ ലക്ഷ്യം. ഇതിന് വേണ്ടി പഞ്ചാര വാക്കുകളിലൂടെ സുചിത്രയെ മയക്കി. അങ്ങനെയാണ് സുചിത്രയുമായി പാലക്കാട്ടേക്ക് പോയത്.
ആദ്യ ദിവസങ്ങളില്‍ പ്രശാന്ത് പ്രശ്നത്തിനൊന്നും നിന്നില്ല. ഇംഗിതങ്ങളെല്ലാം സാധിച്ച ശേഷമാണ് സ്വഭാവം മാറിയതും കൊലപാതകം നടത്തിയതും. രാവിലെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയശേഷമാണ് തെളിവെടുപ്പിനെത്തിച്ചത്.
ബൈപ്പാസില്‍നിന്ന് മാര്‍ച്ച് 17-ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പ്രശാന്ത് സുചിത്രയെയും കാറില്‍ കയറ്റി പാലക്കാട്ടേക്ക് പോയത്. ജോലിസ്ഥലത്തുനിന്ന് ഓട്ടോയിലാണ് സുചിത്ര ഇവിടെ എത്തിയത്. അന്വേഷണസംഘം പ്രതിയില്‍നിന്ന് വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് മഹസ്സര്‍ തയ്യാറാക്കി.
കാറുമായി കാത്തുനിന്ന സ്ഥലവും സുചിത്ര ഓട്ടോയില്‍നിന്ന് ഇറങ്ങിയ സ്ഥലവും നടന്ന് കാറിനടുത്ത് എത്തിയതുമെല്ലാം പ്രതി ഭാവവ്യത്യാസമില്ലാതെ പൊലീസിനോട് വിവരിച്ചു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
കൊലപാതകം നടന്ന പാലക്കാട്ടെ വീട്ടിലും തൊട്ടടുത്ത് മൃതദേഹം കുഴിച്ചുമൂടിയ ചതുപ്പിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപ്പെടുത്തിയശേഷം കാല്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനായില്ല.
ഇതിനായി വീണ്ടും പാലക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തും. പരിശീലനത്തിനെന്നുപറഞ്ഞ് പോയ മകളെ കാണാനില്ലെന്നുകാട്ടി സുചിത്രയുടെ മാതാപിതാക്കള്‍ മാര്‍ച്ച് 22-ന് കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
രക്ഷിതാക്കള്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. മകളുടെ വിവരമൊന്നും കിട്ടാതായപ്പോള്‍ അമ്മ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൊടുത്തു.
ഇതാണ് നിര്‍ണ്ണായകമായത്. ഇതോടെ കേസ് അന്വേഷണം കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചിന് കൈമാറിയത്. അന്വേഷണം ഏറ്റെടുത്ത് രണ്ടാംനാള്‍ അന്വേഷണസംഘം കൊലപാതകിയെ കണ്ടെത്തുകയായിരുന്നു.
പാലക്കാട് മണലി ശ്രീറാം നഗറിലെ വീടിനുസമീപത്തെ ചതുപ്പില്‍നിന്ന് ഏപ്രില്‍ 29നാണ് സുചിത്രയുടെ മൃതദേഹം കണ്ടെടുത്തത്.
കൊല്ലപ്പെട്ട സുചിത്രയുടെ കുടുംബസുഹൃത്തായ പ്രതി ഇവരുടെ വീട്ടില്‍ മാര്‍ച്ച് പതിനഞ്ചിന് വന്നിരുന്നതായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
സുചിത്രയുടെ മാതാപിതാക്കളെ പ്രതിയെ കാണിക്കുന്ന കാര്യവും പൊലീസ് ആലോചിക്കുന്നുണ്ട്.
ഏട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കഴിഞ്ഞ ദിവസം സംഭവം നടന്ന പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തുകയും കൊല്ലപ്പെടുന്ന സമയം സുചിത്ര ധരിച്ചിരുന്ന ആഭരണങ്ങളും മൃതദേഹം മറവു ചെയ്യാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും, മൃതദേഹം കത്തിക്കാന്‍ ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ കന്നാസും കണ്ടെടുത്തിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് പതിനേഴാണ് സുചിത്രയെ മാരുതി കാറില്‍ കയറ്റി പാലക്കാട്ടെ വാടക വീട്ടിലേക്ക് ഇയാള്‍ കൊണ്ടു പൊയത്. ഇരുപതാം തീയതിയാണ് എമര്‍ജന്‍സി ലൈറ്റിന്റെ ചാര്‍ജര്‍ കേബിള്‍ കഴുത്തില്‍ മുറുക്കി സുചിത്രയെ കൊലപ്പെടുത്തുന്നത്.
കൊല്ലപ്പെട്ട സുചിത്രയില്‍ നിന്നും പ്രതി കടം വാങ്ങിയ രണ്ടര ലക്ഷത്തോളം രൂപ തിരികെ ചോദിച്ചതും കൂടെ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതുമാണ് കൊലക്ക് കാരണമെന്നാണ് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.