മലയാള സിനിമയിൽ ഇപ്പോൾ വലിയ മൽസരമാണ്. ഒരുപാട് കഴിവുളളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അതുകൊണ്ട് നല്ലപോലെ ആലോചിച്ചേ രണ്ടാം വരവ് തെരഞ്ഞടുക്കൂ. 1990ൽ നന്പർ 20 മദ്രാസ് മെയിലിലെത്തി പ്രേക്ഷകരുടെ മനം കവർന്ന സുചിത്ര തന്റെ രണ്ടാം വരവിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്.
ബാലതാരമായിട്ടാണ് സുചിത്ര സിനിമയിലേക്ക് എത്തുന്നത്. എട്ടു സിനിമകളിൽ ബേബി സുചിത്രയായി അഭിനയിച്ചു. 1990ൽ ജോഷി സംവിധാനം ചെയ്ത നന്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ നായികയായി. പിന്നീട് മലയാളത്തിൽ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. നാലു തമിഴ് സിനിമയിലും താരം അഭിനയിച്ചു.
അടുത്തിടെ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. കേരളത്തിൽ നിന്നു മാറിനിൽക്കുകയാണെങ്കിലും മലയാളവും മലയാള സിനിമയും ഇപ്പോഴും തന്റെ മനസിലുണ്ട്.
ചില കഥാപാത്രങ്ങൾ കാണുന്പോൾ തോന്നും ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന് . സഹോദരൻ ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്, പക്ഷേ നടന്നില്ല- സുചിത്ര പറയുന്നു.
2002ൽ വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ട നടി കുടുംബത്തിനൊപ്പം അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് താമസിക്കുന്നത്. പൈലറ്റായ മുരളിയാണ് ഭർത്താവ്. മകൾ നേഹ.