കൊല്ലം :മുഖത്തല സ്വദേശിനിയായ യുവതി പാലക്കാട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പാലക്കാട് കോങ്ങാട് സ്കൂളിലെ അധ്യാപകനായ പ്രശാന്തിനെയാണ് റിമാൻഡ് ചെയ്തത്.മുഖത്തല ശ്രീ വിഹാറിൽ ശിവദാസൻ പിള്ളയുടെ മകൾ സുചിത്ര പിള്ളയാണ് കൊല്ലപ്പെട്ടത്.
പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി തുടങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ക്രൈംബ്രാഞ്ച് എസി പി ഗോപകുമാർ പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചെങ്കിലും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമെ വ്യക്തത വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് വാടകയ്ക്ക് താമസിച്ചു വന്ന വീടിന്റെ പരിസരത്തെ ചതുപ്പിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കൈകൾ മുന്നോട്ട് കൂട്ടി കെട്ടിയ നിലയിൽ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു.കാലുകൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങളുടെ അടയാളങ്ങളും കണ്ടിരുന്നു. ഏകദേശം രണ്ടരയടി താഴ്ചയിലാണ് മൃതദേഹം കാണപ്പെട്ടത്.
പ്രശാന്ത് തനിച്ചാണോ കൊലനടത്തി കുഴിച്ചുമൂടിയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.ഇയാൾ താമസിക്കുന്ന വീടിന് സമീപത്തെ സിസിടിവി ദൃശ്യത്തിൽ സുചിത്ര വീട്ടിലേക്ക് കയറി പോകുന്ന ചിത്രം കണ്ടിരുന്നു.എന്നാൽ ഇവർ പുറത്തേക്ക് വരുന്ന ചിത്രമില്ലാതിരുന്നതും കേസന്വേഷണത്തിന് സഹായകമായി. സുചിത്രയുടെ മൊബൈൽ ഫോണിലെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രശാന്തിലെത്തിച്ചത് .
അന്വേഷണം വഴിതിരിച്ചുവിടാൻ ചില ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും സാഹചര്യതെളിവുകൾ പ്രശാന്തിനെ കുടുക്കുവാൻ ഇടയാക്കി.ആസൂത്രിതമായ കൊലപാതകമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.സുചിത്ര പാലക്കാട്ടെ വീട്ടിലേക്ക് വരുന്നതിന് മുമ്പുതന്നെ വീട്ടിലെ വൃദ്ധരായ മാതാപിതാക്കളെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.
പെട്രോളും വാങ്ങി വീട്ടിൽ സൂക്ഷിക്കുകയും ചെയ്തതിലൂടെ കൊലപാതകം ആസൂത്രിതമെന്ന് വ്യക്തം. പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിക്കാനായിരുന്നു തീരുമാനമെന്നും പിന്നീടത് മാറ്റുകയായിരുന്നുവെന്നും പ്രതി തന്നെ സമ്മതിച്ചിരുന്നു. കൊലപാതകത്തിനു ശേഷം വീട് കഴുകി വൃത്തിയാക്കിയ ശേഷമാണ് മാതാപിതാക്കളെ കൂട്ടിക്കൊണ്ടു വന്നത്.
സുചിത്രയെ കാണാതായത് സംബന്ധിച്ച് പോലീസിൽ മാതാവ് പരാതി നൽകിയെങ്കിലും വേണ്ട രീതിയിൽ അന്വേഷണം നടക്കാത്തതിനാൽ അവർ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി.തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ഇടപെട്ട് കേസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു .
പഴുതടച്ചുള്ള അന്വേഷണമാണ് പിന്നീട് പോലീസ് നടത്തിയത്.സുചിത്രയുടെ കൊലപാതകം ജന്മനാടായ മുഖത്തലയെ നടുക്കിയിരിക്കുകയാണ്.കുടുംബ സുഹൃത്തായ പ്രശാന്താണ് കൊല നടത്തിയതെന്ന് മാതാപിതാക്കൾക്ക് വിശ്വസിക്കാനായിട്ടില്ല. അത്രയ്ക്ക് സൗമ്യനായിരുന്നു പ്രശാന്ത് അവരുടെ മുന്നിൽ.പ്രശാന്തിന്റെ ഭാര്യ സുചിത്രയുടെ അകന്ന ബന്ധുവാണ്.