കൊച്ചി: എറണാകുളം കൊച്ചു കടവന്ത്രയില്‍ യുവതിയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.
മട്ടലില്‍ ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ നാരായണന്റെ ഭാര്യ ജോയ മോള് (36), മക്കളായ ലക്ഷ്മികാന്ത് (എട്ട്), അശ്വന്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്.
കൈയിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച നിലയിൽ നാരായണനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തു.
ഭാര്യയെയും മക്കളെയും ഷൂ ലേസ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം നാരായണൻ ആത്മഹത്യക്കു ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. നാരായണനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.
ഇയാളുടെ അറസ്റ്റ് സംബന്ധിച്ച കാര്യങ്ങള്‍ ആരോഗ്യനില പരിശോധിച്ച ശേഷമാകുമെന്നു പോലീസ് അറിയിച്ചു. എറണാകുളം സൗത്ത് പോലീസ് സംഭവം നടന്ന വീട്ടില്‍ പരിശോധന നടത്തിയ ശേഷം വീട് സീല്‍ ചെയ്തു.
ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജോയ മോള് ആലപ്പുഴ പെരുമ്പളം സ്വദേശിനിയാണ്.
ഇന്നലെ രാവിലെ പത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടര്‍ന്ന് ജോയമോളുടെ സഹോദരന് വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.
തുടർന്ന് നാട്ടുകാരെയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. കഴുത്തിനു മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു നാരായണന്.
ഇയാള്‍ക്ക് ജീവനുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ആദ്യം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇവിടെ നിന്നു തുടര്‍ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ജോയമോളുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
രണ്ടു വര്‍ഷമായി നാരായണനും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. മൂന്നു വര്‍ഷത്തോളമായി കടവന്ത്രയില്‍ പൂക്കച്ചവടം നടത്തിവരികയാണ് നാരായണന്.