സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിച്ചതിന് തനിക്ക് അര്‍ഹമായ പ്രതിഫലം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചതായി നടന്‍ സാമുവല്‍ റോബിന്‍സണ്‍. നിര്‍മ്മാതാക്കള്‍ തന്നെ ബന്ധപ്പെട്ടുവെന്നും തന്റെ ജോലിക്ക് ന്യായമായ പണം തരാമെന്ന് സമ്മതിച്ചെന്നുമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
വംശീയ വിദ്വേഷമെന്ന ആരോപണം തെറ്റിദ്ധാരണ കൊണ്ടും തെറ്റായ വിവരങ്ങള്‍ കൊണ്ടും ഉണ്ടായതാണെന്നും അതിന് ക്ഷമ ചോദിക്കുന്നതായും സാമുവല്‍ പറഞ്ഞു. കേരളത്തില്‍ ഒട്ടും റേസിസം ഇല്ലെന്നും ഏറ്റവും സൗഹാര്‍ദ്ദപരമായ സംസ്ഥാനമായാണ് താന്‍ കേരളത്തെ കാണുന്നതെന്നും അദ്ദേഹം കുറിച്ചു.
മുന്‍പ് ഞാന്‍ വംശീയ വിദ്വേഷമെന്ന് ആരോപിച്ചിരുന്നു. പക്ഷേ പിന്നീടുണ്ടായ ചിന്തയില്‍ നിന്നും ഹാപ്പി ഹവേഴ്സ് നല്‍കിയ വിശദീകരണത്തില്‍ നിന്നും അത് ശരിയല്ലെന്ന് മനസിലായി. തെറ്റായ വിവരവും ആശയവിനിമയത്തിലെ പ്രശ്നങ്ങളുമാണ് അത്തരമൊരു ആരോപണത്തിന് കാരണമായത്. കേരളത്തിലുള്ള ആര്‍ക്കെങ്കിലും അതില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇതില്‍ വംശീയ വിദ്വേഷമില്ല. ഒട്ടും വംശീയത ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്നാണ് എന്റെ അനുഭവം. ഏറ്റവും സൗഹാര്‍ദ്ദപരമായ സംസ്ഥാനവുമാണത്.’- അദ്ദേഹം പറഞ്ഞു.
തോമസ് ഐസക്കിനും മാധ്യമങ്ങള്‍ക്കും നന്ദിപറയുന്നതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഷൈജു ഖാലിദിനും സമീര്‍ താഹിറിനുമെതിരെ ഒരുതരത്തിലുമുള്ള വിദ്വേഷവും ആരും പ്രകടിപ്പിക്കരുതെന്നും സാമുവല്‍ അഭ്യര്‍ത്ഥിച്ചു. ‘ഈ വിഷയം തീര്‍ക്കുന്നതില്‍ അവര്‍ കാണിച്ച ഹൃദ്യമായ സമീപനം കൊണ്ട് മനസിലാവും അവര്‍ എത്ര നല്ലവരാണെന്ന്. വിവാദത്തിന് മുന്‍പ് ഞ്ങ്ങള്‍ കുടുംബം പോലെയായിരുന്നു. തെറ്റിദ്ധാരണ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്’ സാമുവല്‍ കുറിച്ചു.
തനിക്ക് ലഭിച്ച തുകയില്‍ ഒരു ഭാഗം വംശീയതയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കിയതായും അദ്ദേഹം അറിയിച്ചു.