സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ടിട്ടില്ലേ. നൈജീരിയയില്‍ നിന്നും ഫുട്‌ബോള്‍ കളിക്കാന്‍ കേരളത്തില്‍ എത്തുന്ന ചെറുപ്പക്കാരന്റെയും അവന്റെ സ്‌പോണ്‍സറിന്റെയും കഥയായിരുന്നു ആ ചിത്രം പറഞ്ഞത്. എന്നാല്‍ അത് സിനിമയായിരുന്നെങ്കില്‍ യഥാര്‍ഥ ജീവിതത്തിലെ ഒരു നൈജീരിയന്‍ ഫുട്‌ബോളറുടെ കഥയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായതിനു ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോളറാണ് ഇപ്പോള്‍ കോഴിക്കോട്ടു നിന്നും അറസ്റ്റിലായിരിക്കുന്നത്. കോടതി വാറണ്ട് അനുസരിച്ച് നാഗ്പുര്‍ പോലീസാണ് കോഴിക്കോട്ടെത്തി റോയല്‍ ട്രാവല്‍സ് ടീം താരം ഒകെ ഇമ്മാനുവല്‍ യൂക്കോച്ചിയെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ തന്നെ പ്രശസ്ത സെവന്‍സ് താരങ്ങളില്‍ ഒരാളാണ് യൂക്കോച്ചി.
2015-ലാണ് ഇമ്മാനുവല്‍ യൂക്കോച്ചി വ്യാജ പാസ്‌പോര്‍ട്ടുമായി നാഗ്പുറില്‍ അറസ്റ്റിലാകുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ഇമ്മാനുവല്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം റോയല്‍ ട്രാവല്‍സ് ടീമില്‍ യൂക്കോച്ചി കളിക്കുന്നുണ്ടെന്ന് അറിഞ്ഞ നാഗ്പുര്‍ പോലീസ് കോഴിക്കോട്ട് എത്തുകയും യൂക്കോച്ചിയെ പൊക്കുകയുമായിരുന്നു.
അതേസമയം, യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് ഇപ്പോള്‍ കൈവശമുണ്ടെന്ന് യൂക്കാച്ചി പറഞ്ഞു. കേരളത്തില്‍ പല തവണ ഫുട്‌ബോള്‍ കളിക്കാന്‍ വന്നിട്ടുണ്ടെന്നും യൂക്കാച്ചി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ യൂക്കാച്ചിയെ നാഗ്പുറിലേക്ക് കൊണ്ടുപോയി.