ഖർട്ടോം: സുഡാനിൽ ബ്രഡിന് വില കൂട്ടിയതിനെതിരെ നടക്കുന്ന പ്രക്ഷോഭം വ്യാപകമാകുന്നു. ഇതുവരെ പ്രക്ഷോഭത്തിൽ 19 പേർ മരിച്ചു. 400ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. സുഡാൻ വാർത്താവിനിമയ മന്ത്രി ബുഷാര ആരോയാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്.
സുഡാനികളുടെ പ്രധാന ഭക്ഷണമായ ബ്രഡിന്‍റെ വില ക്രമാതീതമായി വര്‍ധിക്കുന്നതിനെതിരെ ഈ മാസം 19നാണ് പ്രതിഷേധം ആരംഭിച്ചത്. ഒരാഴ്ചയ്ക്കിടെ ബ്രഡിന്‍റെ വില ഒരു സുഡാനി പൗണ്ടായിരുന്നതാണ് മൂന്നായി വര്‍ധിച്ചത്. രാജ്യത്ത് തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ അസ്ഥിരതയും നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ബ്രഡിന്‍റെ വില വര്‍ധന.
പ്രക്ഷോഭകാരികള്‍ പോര്‍ട് സുഡാന്‍ നഗരവും റെഡ് സി സംസ്ഥാനത്തിന്‍റെ തലസ്ഥാനവും നേരത്തെ തകര്‍ത്തിരുന്നു. മുല്ലപ്പൂ വിപ്ലവത്തിനിടെ ഉയര്‍ന്ന മുദ്രവാക്യങ്ങളാണ് പ്രക്ഷോഭത്തിനിടെ ഉയര്‍ന്ന് കേള്‍ക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കിലേക്കാണ് ബ്രഡിന്‍റെ വില കുതിച്ചുയർന്നത്.
ഗോതമ്പ് ഇറക്കുമതി സര്‍ക്കാര്‍ നിര്‍ത്തിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പ്രക്ഷോഭകാരികളുടെ ആരോപണം. ബ്രഡ് ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാരാണ് ഫണ്ട് ചെയ്യുന്നത്.