മധ്യപ്രദേശില് കനത്തമഴയില് ഞൊടിയിടയില് പുഴയില് ജലനിരപ്പ് ഉയര്ന്നതിനെത്തുടര്ന്ന് തീരത്ത് നിര്ത്തിയിട്ടിരുന്ന കാറുകള് ഒലിച്ചുപോയി.
പുഴയില് വെള്ളം ഉയരുന്നത് കണ്ട് വനത്തിനോട് ചേര്ന്നുള്ള ഉയര്ന്നപ്രദേശത്തേയ്ക്ക് ഓടി മാറിയത് കൊണ്ട് 50 ഓളം വിനോദസഞ്ചാരികള് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഞായറാഴ്ചയാണ് സംഭവം. ഖാര്ഗോണ് ജില്ലയില് സുഖ്ദി നദിയിലാണ് കനത്തമഴയെ തുടര്ന്ന് ക്ഷണനേരത്തിനുള്ളില് തന്നെ മലവെള്ളപ്പാച്ചില് ഉണ്ടായത്.
ഇന്ഡോറില് നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് കുടുങ്ങിപ്പോയത്.
ഇവര് സഞ്ചരിച്ചിരുന്ന 14 കാറുകളാണ് പൊടുന്നനെ ജലനിരപ്പ് ഉയര്ന്നതിനെ തുടര്ന്ന് പുഴയില് ഒലിച്ചുപോയത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ 10 കാറുകള് വീണ്ടെടുത്തു.
എന്നാല് കാറില് വെള്ളം കയറി തകരാര് സംഭവിച്ചതിനെ തുടര്ന്ന് സ്റ്റാര്ട്ട് ആക്കാന് സാധിച്ചില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.