പാലോട്: നന്ദിയോട് ചൂടലിൽ പടക്കശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു.
പടക്കശാലയുടെ ഉടമസ്ഥനായ പാലുവള്ളി ഗുരുമന്ദിരം ജംഗ്ഷനിൽ പത്തായകയത്തിൽ സൈലസ് (60), ജീവനക്കാരിയായ ചൂടൽ കുന്നുംപുറത്ത് വീട്ടിൽ സുശീല(56) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.
ഇന്നലെ വൈകുന്നേരമായി രുന്നു അപ കടം. സുശീല സംഭവസ്ഥലത്തുവെച്ചും സൈലസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
സംഭവ സമയത്ത് സൈലസും സുശീലയും സുശീലയുടെ ഭർത്താവും മാത്രമാണ് ഷെഡിൽ ഉണ്ടായിരുന്നത്.
സുശീലയുടെ ഭർത്താവ് കെട്ടിടത്തിന്റെ വെളിയിലിറങ്ങി സമയത്താണ് അപകടം നടന്നത്. ഇയാൾക്ക് പരിക്കുകൾ ഒന്നുമില്ല.
ഈ സമയം മറ്റു തൊഴിലാളികൾ സമീപത്തെ മറ്റൊരു ഷെഡ്ഡിൽ ആയിരുന്നു. ഇത് ഒരു വൻ ദുരന്തം ഒഴിവാക്കി.
ഇന്നലെ വൈകുന്നേരം മൂന്നോടെ മഴയോടൊപ്പം ഇടിമിന്നൽ ഉണ്ടാകുകയും തുടർന്ന് ഉഗ്രശബ്ദത്തോടെ പടക്കപ്പുര പൊട്ടിത്തെറിക്കുകയുമായിരുന്നെന്നു സമീപവാസികൾ പറഞ്ഞു.
തീപിടിത്തത്തെത്തുടർന്ന് ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ പടക്കപ്പുര പൂർണമായും തകർന്നു. വിതുര ഫയർഫോഴ്സും പാലോട് പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.