ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ചശേഷം പണം തട്ടാന്‍ ശ്രമിച്ച് പോലീസ് പിടിയിലായ പത്തനംതിട്ട സ്വദേശി സുദീപ് കുഞ്ഞുമോന്‍(36) സമാനമായ നിരവധി കേസുകളുടെ പ്രതിയെന്ന് പോലീസ്. കോട്ടയം വെസ്റ്റ് പോലീസാണ് ഇയാളെ തന്ത്രപൂര്‍വം പിടികൂടിയത്. ഒരുമാസം മുമ്പാണു കേസിനാസ്പദമായ സംഭവം. എറണാകളും സ്വദേശിനിയായ വീട്ടമ്മ വേളാങ്കണ്ണി യാത്രക്കിടയിലാണ് സുദീപിനെ പരിചയപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാരനെന്നു പരിചയപ്പെടുത്തി ഇയാള്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചു.
സഹകരണ ബാങ്കുകളില്‍ തനിക്ക് നല്ല ബന്ധമാണെന്ന് ഇയാള്‍ വീട്ടമ്മയെ ധരിപ്പിച്ചു. തുടര്‍ന്നു ബാങ്കില്‍ ജോലി നല്‍കാമെന്നു വാഗ്ദാനംചെയ്തു കോട്ടയത്തെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞദിവസം പ്രതി ഡിവൈഎസ്പി ഓഫീസിലെ പോലീസുകാരനാണെന്നു പറഞ്ഞു യുവതിയുടെ ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ടു. വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ഒരാളെ മറ്റൊരു കേസുമായി ബന്ധപ്പെട്ടു പിടികൂടിയെന്നും ചിത്രങ്ങള്‍ പുറത്തുപോകാതിരിക്കാനും കേസ് ഒഴിവാക്കാനും ഡിവൈഎസ്പി ഓഫീസിലെത്തി പണം നല്‍കണമെന്നാവശ്യപ്പെട്ടു.
യുവതിയുടെ ഭര്‍ത്താവും മകളും ഡിവൈഎസ്പി ഓഫീസിനു സമീപം എത്തിയപ്പോള്‍ സുദീപ് ഭര്‍ത്താവിനെ മാത്രം പിടികൂടി സ്ഥലത്തുനിന്നു മാറ്റി. ഏറെ നേരം കഴിഞ്ഞിട്ടും പിതാവിനെ കാണാതെ വന്നപ്പോള്‍ മകള്‍ ഡിവൈഎസ്പി ഓഫീസിലെത്തി പിതാവിനെ അന്വേഷിച്ചു. ഇതേത്തുടര്‍ന്നു മകള്‍ ഡിവൈഎസ്പി ഗിരീഷ് പി. സാരഥിക്കു പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെയും വീട്ടമ്മയുടെ ഭര്‍ത്താവിനെയും കളക്്‌ട്രേറ്റിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ഫോണ്‍ പരിശോധച്ചതില്‍ നിന്നും വേറെ ചില വീട്ടമ്മമാരുടെ ചിത്രങ്ങളും നമ്പരുകളും കണ്ടെത്തിയിട്ടുണ്ട്. സിഐ നിര്‍മ്മല്‍ ബോസ്, എസ്‌ഐ അനൂപ് സി. നായര്‍, ഷാഡോ പോലീസുകാരായ അജിത്, ഐ. സജികുമാര്‍, എഎസ്‌ഐ ഹരിക്കുട്ടന്‍, കെ.ആര്‍. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.