നവാസ് മേത്തര്‍
തലശേരി: സിപിഎം പ്രവര്ത്തകന് എരഞ്ഞോളി കൊടക്കളം മൂന്നാംകണ്ടി വീട്ടില്‍ കെ.എം. സുധീര്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയും കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്ത കേസില്‍ പോലീസ് കണ്ടെടുത്ത കൈപ്പത്തി എവിടെയെന്ന് ചോദ്യത്തിന് ഉത്തരമില്ല. കൈപ്പത്തി വിവാദം രൂക്ഷമായ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണ സാധ്യത തേടുകയാണ് പ്രോസിക്യൂഷന്. കൈപ്പത്തി എവിടെയെന്നും ഡിഎന്‍എ ഫലം വിപരീതമായതിനെകുറിച്ചുമുള്ള പ്രോസിക്യൂഷന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് അന്വേഷണ ഉദ്യോഗസ്ഥനും സാധിച്ചിട്ടില്ല.
ഇതിനിടയില്‍ സുധീറിന്റെ കൈപ്പത്തി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പ്രോസിക്യൂഷനെ അറിയിച്ചു. കൈപ്പത്തി ബന്ധുക്കള്‍ക്ക് പോലീസ് വിട്ടു കൊടുക്കാതിരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമായിട്ടാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ സംസ്കരിക്കണമെന്ന സാമാന്യ നീതി പോലും ഇവിടെ നടപ്പിലാക്കിയിട്ടില്ലെന്നത് ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. മൃതദേഹത്തോടുള്ള കടുത്ത അനാദരവായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. കൈപ്പത്തി ബന്ധുക്കള്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ ആ
കൈപ്പത്തി എവിടെയാണെന്ന് വ്യക്തമാക്കാന്‍ പോലീസിനോട് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ ഗവ. പ്ലീഡര്‍ ബി.പി. ശശീന്ദ്രന് ഇത് സംബന്ധിച്ച് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി എം.വി. സുകുമാരനോട് വിശദീകരണം തേടി. പ്രോസിക്യൂഷന് മുമ്പാകെ ഇന്നലെയെത്തിയ അന്വേഷണ ഉദ്യോഗസ്ഥന് ഒരു കാര്യത്തിലും വ്യക്തമായ മറുപടി നല്കാന് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കൈപ്പത്തി മാറിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ വെച്ച് രക്തം മാറിയതാകാം ഡിഎന്‍എ ഫലം വിപരീതമാകാന്‍ കാരണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന് നല്കുന്ന വിശദീകരണം.
ഈ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രോസിക്യൂഷന് പോലീസിനെ അറിയിച്ചിട്ടുണ്ട്. കൈപ്പത്തി വീണ്ടും ഡിഎന്‍എ പരിശോധന നടത്താനാണ് പ്രോസിക്യൂഷന് നീക്കം. ഡിസംബര്‍ 10 നാണ് കേസ് വീണ്ടും കോടതിയുടെ പരിഗണനക്കെത്തുന്നത്. കൈപ്പത്തി ബന്ധുക്കള്‍ക്ക് നല്‍കാത്തതും ഡിഎന്‍എ പരിശോധന ഫലം വിപരീതമായതും സുധീറിന്റെ ബന്ധുക്കള്‍ക്കിടയിലും സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കേസ് അട്ടിമറിക്കാന്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായി കൈപ്പത്തി തന്നെ മാറ്റിയതാണോയെന്ന സംശയവും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. മോര്‍ച്ചറി കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ഒരു നീക്കം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന നിര്‍ദ്ദേശവും പ്രോസിക്യൂഷന് മുന്നോട്ട് വെച്ചിട്ടുണ്ട്. തിരുവന്തപുരം രാജവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ നടന്ന ഡിഎന്‍എ പരിശോധനയിലാണ് കൈപ്പത്തി സുധീറിന്റേതല്ലെന്ന് വ്യക്തമായിട്ടുള്ളത്. 2007 നവംബര്‍ അഞ്ചിനാണ് സുധീര്‍ കൊല്ലപ്പെട്ടത്.