തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ ചുമതല. ഡിജിപി ലോക്നാഥ് ബെഹ്റ പോലീസ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഇക്കാര്യം തീരുമാനമായത്.
എഡിജിപിയുടെ മകൾ സ്നിഗ്ധയുടെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. നേരത്തെ കേസ് അന്വേഷിക്കാൻ ഡിസിആർബി ഡിവൈഎസ്പി പ്രതാപൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി യോഗത്തിൽ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ഗവാസ്കറിനു 50,000 രൂപ ചികിത്സ സഹായം നൽകാനും യോഗത്തിൽ തീരുമാനമായി. പോലീസുകാർക്കുള്ള ഇത്തരം പരാതി കേൾക്കാൻ പ്രത്യേക സെൽ രൂപീകരിക്കാനും തീരുമാനമായി.
ഐജി ഹെഡ്ക്വാർട്ടേഴ്സിന്റെ നേതൃത്വത്തിലായിരിക്കും സെൽ. ജില്ലാ അടിസ്ഥാനത്തിലും പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനമുണ്ടാക്കും. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പോലീസ് സ്റ്റാഫ് കൗണ്‍സിൽ യോഗങ്ങൾ ഉടൻ വിളിക്കും. എല്ലാ ജില്ലകളിലുമുള്ള പരാതികളിൽ നടപടി എടുക്കേണ്ട ചുമതല സ്റ്റാഫ് കൗണ്‍സിൽ യോഗങ്ങൾക്കാണ്.
അതേസമയം എഡിജിപി സുധേഷ് കുമാറിനോട് പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ ഡിജിപി നിർദേശിച്ചു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധേഷ് കുമാറിനോട് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.