തൃപ്പൂണിത്തുറ: ജ്വല്ലറിയിൽ മുക്കുപണ്ടം വില്പന നടത്തി 1.65 ലക്ഷം തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ. ഉദയംപേരൂർ എംഎൽഎ റോഡ് പൂർണശ്രീയിൽ സുധ(57)യെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറയിലെ ജയകൃഷ്ണ ജ്വല്ലറിയിലാണ് ഇവർ മുക്കുപണ്ടം വിറ്റത്. ജ്വല്ലറിക്കു സമീപത്തെ പണയമിടപാട് സ്ഥാപനത്തിൽ സ്ഥിരമായി ഇടപാടുകൾ നടത്തുന്ന സുധയുമായി ജ്വല്ലറിക്കാരനുണ്ടായ പരിചയം മുതലെടുത്താണ് ഇവർ മുക്കുപണ്ടം വിറ്റത്.
പണയമിടപാട് സ്ഥാപനം ആഭരണങ്ങൾ വിലയ്ക്ക് വാങ്ങാത്തതിനാൽ ജ്വല്ലറിക്കാരന്റെയടുത്ത് ഇവർ എത്തുകയായിരുന്നു.
മുൻപരിചയമുണ്ടായിരുന്നതിനാൽ പരിശോധന നടത്താതെ ആഭരണം വാങ്ങിയതാണ് ജ്വല്ലറിക്കാരന് വിനയായത്.
പിന്നീട് ആഭരണം കൈമാറ്റം ചെയ്യാനായി ഉരച്ചു നോക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സുധയെ പെരുമ്പാവൂരിൽ നിന്നാണ് ഹിൽപാലസ് എസ്ഐ എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടുകയായിരുന്നു.
പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇവർക്ക് മുക്കുപണ്ടം ലഭിച്ച വഴി പോലീസ് അന്വേഷിക്കുകയാണ്. ഇവരുടെ കൂടെയുള്ള പുരുഷന്റെ പക്കൽ നിന്നാണ് മുക്കുപണ്ടം ലഭിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്.