ന്യൂഡൽഹി: ലോക ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസാന നിമിഷം ഇടംപിടിച്ച സ്റ്റീപ്പിൾ ചേസ് താരം സുധ സിംഗിനെയും ഒഴിവാക്കി. മലയാളി താരം പി.യു ചിത്രയ്ക്കു അവസരം നിഷേധിച്ചത് വിവാദമായതിനു പിന്നാലെയാണ് പിൻവാതിലിലൂടെ പ്രവേശനം നേടിയ സുധയെ ഒഴിവാക്കി ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ തടിയൂരിയത്.
ജൂലൈ 23നു അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് താരം സുധയുടെ പേര് ഇല്ലായിരുന്നു. പിന്നീട് അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻ പുറത്തുവിട്ട ഇന്ത്യയുടെ എൻട്രി ലിസ്റ്റിലായിരുന്നു സുധയുടെ പേര് ഉൾപ്പെട്ടുത്തിയത്.
സെലക്ഷൻ കമ്മിറ്റി പരിഗണിക്കാതിരുന്ന സുധ എങ്ങനെ ടീമിൽ ഉൾപ്പെട്ടു എന്നതിനു വ്യക്തമായ ഉത്തരം നൽകാൻ ഫെഡറേഷന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഉന്നതരുടെ പങ്ക് ഇക്കാര്യത്തിൽ ഉണ്ടെന്ന സംശയം ബലപ്പെട്ടു. സുധയുടെ പേര് ഉൾപ്പെടുത്തി രണ്ടാമതൊരു എൻട്രി കൂടി സമർപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ സുധയെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയടക്കമുള്ളവരുടെ സമ്മർദഫലമായി ഉൾപ്പെടുത്തുകയായി രുന്നു.
സംഭവം വിവാദമായതോടെ അവസാന നിമിഷം സുധയേയും ഒഴിവാക്കി. സുധ ലോകചാന്പ്യൻഷിപ്പിൽ മത്സരിക്കുന്നില്ലെന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. അന്താരാഷ്ട്ര ഫെഡറേഷന്റെ ലിസ്റ്റിൽ വന്ന ക്ലറിക്കൽ തെറ്റാണിതെന്നാണ് ഇന്ത്യൻ ഫെഡറേഷന്റെ വിശദീകരണം.