സീമ മോഹൻലാൽ
‘ജീവിത വഴിത്താരയിൽ താവളം തേടി തളർന്നു ഞാൻ
ജീവിത ഭാണ്ഡം ഇറക്കിവയ്ക്കാൻ
ഒരു താവളം നൽകണേ തന്പുരാനേ….’’ (കവിത- താവളം)
ഇത് ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങളിൽ നിന്ന് അനുവാചകരിലേക്ക് ഒഴുകിയെത്താത്ത യാഥാർഥ്യം.
കലൂർ-കതൃക്കടവ് പാലത്തിനു സമീപം പുറന്പോക്കിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ കൊച്ചു വീട്. അതിനുമുന്നിലായി ഒരു ഉന്തുവണ്ടിയിൽ ചായക്കട. ഇവിടെ ഇരുന്നുകൊണ്ട് സുധ കതൃക്കടവ് എന്ന കവയിത്രി എഴുതുന്പോൾ, ആ വരികളിൽ നിറയുന്നത് അന്തുയുറങ്ങാൻ ഒരിടമില്ലാത്തവളുടെ ദൈന്യത. സുധയെ കവയിത്രി എന്നു വിളിക്കാമോ? കവിത രചിക്കുന്നവളാണ് കവയിത്രി എങ്കിൽ സുധയും ആ ഗണത്തിൽപ്പെടും.
കഴിഞ്ഞ 33 വർഷമായി സുധയും ഭർത്താവ് വിജയനും കതൃക്കടവ് ഇടശേരിയിലെ പുറന്പോക്കിലെ ഈ കൂരയിലാണ് അന്തിയുറങ്ങുന്നത്. ഒരു മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഈ കൂരയിൽ സുധ എഴുതിയ നൂറിലധികം കവിതകളും ഏതാനും കഥകളുമുണ്ട്. ആദ്യം ഈ കൂരയിൽ തന്നെയാണ് ചായക്കട നടത്തിയിരുന്നത്. സുധയുടെ സങ്കടം കണ്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അധികൃതർ കഴിഞ്ഞവർഷം ചായക്കട നടത്താനായി ഒരു ഉന്തുവണ്ടി അനുവദിച്ചു നൽകുകയായിരുന്നു.
നൊന്പരപ്പെടുത്തി സഹോദരിയുടെ മരണം
ആലപ്പുഴ ചെറുവാരണം മേനോൻവീട്ടിൽ സുധ അഞ്ചാം ക്ലാസിൽ പഠിക്കുന്പോഴാണ് ആദ്യമായി കവിത എഴുതുന്നത്. അന്ന് പത്തുമാസം പ്രായമുണ്ടായിരുന്ന സഹോദരി അംബികയുടെ മരണം ആ കുടുംബത്തെ തളർത്തി. ആ വേർപാടിന്റെ വേദന ഉൾക്കൊണ്ട് ’അംബിക’ എന്ന കവിത എഴുതി. ജീവിത പ്രാരാബ്ധങ്ങൾ മൂലം അഞ്ചാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും സുധയുടെ തൂലിക തുന്പിൽനിന്നു ഗൗരവതരമായ രചനകൾ പിറവിയെടുത്തു.
വിവാഹശേഷവും സുധ കഥകളും കവിതകളുമെഴുതി.
’ ഇന്നെന്റെ ജീവിതം കണ്ണീർക്കടലിലാണ്
എന്നേ മറുന്നു ഞാൻ ശാന്തിതൻ നാളുകൾ
സ്വപ്നങ്ങൽ നെയ്തു ഞാൻ ദാന്പത്യ ജീവിതം-
കൈവന്ന നാളിലാ മാദക രാത്രിയിൽ
ദു:ഖ സ്വപ്നമായവ മാറുമെന്നോർത്തില്ല
ദു:ഖമാണെന്നുമെൻ ചിത്രമെന്നോർത്തേയില്ല….’
സുധയുടെ ’ദു:ഖപുത്രി’ എന്ന കവിതയിലെ വരികളാണിത്.
സമകാലിക വിഷയങ്ങളും
സമകാലിക പ്രശ്നങ്ങളെല്ലാം സുധ തന്റെ കവിതയ്ക്ക് വിഷയമാക്കാറുണ്ട് . ഡൽഹിയിൽ പെണ്കുട്ടി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി സുധ എഴുതിയ കവിത ഇങ്ങനെയാണ്…
’പേരറിയാത്ത നിന്നെ
പല പേര് ചൊല്ലി വിളിപ്പൂ
പേര് അറിയാത്ത നിനക്കാരും
പേര് ഇടുക വേണ്ടാരും
നിന്റെ വേദനയറിയാത്ത നിയമവും
കാവൽ ഭടന്മാരും- ഇനിയൊരു പേരും വിളിക്കേണ്ട
മഹാനഹരത്തിൻ ഹൃദയഭാഗത്തിൽ
ഈ ഭാരതമണ്ണിന്റെ മാറിൽ
കീറിയെറിഞ്ഞ പ്രിയമകളേ മാപ്പ്
കുഞ്ഞുപെങ്ങളായ് ഒന്നു കരുതിയെങ്കിൽ…?’
ചായക്കടയിലെ ജോലി കഴിഞ്ഞു കിട്ടുന്ന സമയമെല്ലാം കവിതാരചനയ്ക്കായി ഉപയോഗിക്കുമെന്ന് സുധ പറയുന്നു. വിദ്യാഭ്യാസം കുറവാണെങ്കിലും സുധയുടെ കവിതകൾ ഗൗരവതരമായ ചിന്തകൾ പങ്കുവയ്ക്കുന്നു. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കുന്ന സുധയുടെ ഇഷ്ടകവികൾ ഒഎൻവിയും സുഗതകുമാരിയുമാണ്.
വെളിച്ചം കണ്ട കവിതകൾ
കവിതാ സമാഹാരം പ്രസിദ്ധീകരിക്കണമെന്ന സുധയുടെ ദീർഘകാലത്തെ ആഗ്രഹത്തിന് വെളിച്ചമേകിയത് ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഒരു വ്യക്തിയാണ്. സുധയെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം അവരുടെ കവിതകൾ പ്രസിദ്ധീകരിക്കാൻ തയാറായി. അങ്ങനെ 2017 മാർച്ച് 21-ന് സുധയുടെ കവിതസമാഹാരമായ പ്രണാമം വായനക്കാരുടെ കൈകളിലെത്തി. 24 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
ചികിത്സയ്ക്കും പണം വേണം
കരൾരോഗിയായ ഭർത്താവ് വിജയന്റെ ചികിത്സയ്ക്കുള്ള പണവും ഈ ചായക്കടയിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ നിന്നാണ് എടുക്കുന്നത്. പുറന്പോക്കിലെ വീട്ടിനു ചുറ്റും കാടുപിടിച്ചു കിടക്കുന്നതിനാൽ പാന്പുശല്യവുമുണ്ടെന്ന് സുധ പറയുന്നു. പ്രളയമുണ്ടായപ്പോൾ എഴുതിയ കവിതകളിലേറെയും നഷ്ടമായെന്നു സുധ വേദനയോടെ പറഞ്ഞു.
കൊച്ചുകൂരയെന്ന സ്വപ്നം 33 വർഷമായി പുറന്പോക്കിൽ താമസിക്കുന്ന തനിക്ക് ഒരു തുണ്ടു ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് സുധ മാറിമാറി വരുന്ന മുഖ്യമന്ത്രിമാരെ കണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
’ഈ മണ്ണിലുള്ളൊരു നാളിൽ
എനിക്കുമേകണം യേശുനാഥാ-
ഒരു ചെറുചെറ്റക്കുടിലെനിക്കും
എൻ സ്വപ്നമാണെൻ യേശുനാഥാ
കരുണയോടെന്നെയും കാത്തിടണം
കരുണാമയനാം യേശുനാഥാ…’
എന്റെ സ്വപ്നം എന്ന കവിതയിലൂടെ സുധ പറയുന്നു.
ഫോട്ടോ- അഖിൽ പുരുഷോത്തമൻ