തിരുവനന്തപുരം: കണ്ണൂരിൽ ഒതുങ്ങി നിന്ന പിണറായി – കെ. സുധാകരൻ പോര് സംസ്ഥാന രാഷ്ട്രീയത്തിലേക്കു പടരുന്നു. ഇവർ തമ്മിലുള്ള വാക്പോര് സംസ്ഥാന രാഷ്ട്രീയത്തിന്റെ തന്നെ ഗതിയും ശൈലിയും മാറ്റിമറിക്കാൻ പര്യാപ്തമാണ്.
സുധാകരനോട് പിണറായിക്കും തിരിച്ചുമുള്ള ശത്രുത പണ്ടേ പ്രസിദ്ധമാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയും കെ. സുധാകരൻ കെപിസിസി അധ്യക്ഷനുമായി വന്നതോടെയാണ് ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിനു പുതിയ രാഷ്ട്രീയമാനം കൈവരുന്നത്.
സുധാകരൻ കെപിസിസി അധ്യക്ഷനായതിനോടു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തികഞ്ഞ പക്വതയോടെയായിരുന്നു. അതു കോണ്ഗ്രസുകാരുടെ കാര്യം എന്ന മട്ടിൽ നിസംഗതയോടെയായിരുന്നു പിണറായി പ്രതികരിച്ചത്.
എന്നാൽ, സിപിഎം നേതാക്കൾ പലരും സുധാകരനെതിരേ അതിനിശിതമായ വിമർശനം അഴിച്ചു വിട്ടു തുടങ്ങിയിരുന്നു.
സുധാകരനു ഗുണ്ടാനേതാവിന്റെ പരിവേഷം ചാർത്തിക്കൊടുത്തതിനൊപ്പം അദ്ദേഹത്തിനു ബിജെപിയുമായി ധാരണയുണ്ടെന്ന മട്ടിലുള്ള വിമർശനങ്ങളും പ്രമുഖ നേതാക്കളിൽനിന്നു തന്നെ ഉണ്ടായി.
കേരളത്തിൽ സിപിഎം ആണു മുഖ്യഎതിരാളി എന്ന സുധാകരന്റെ പ്രസ്താവനയാണ് അതിന് ആധാരമായി അവർ ചൂണ്ട ിക്കാട്ടിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം പറഞ്ഞിരുന്നു.
സുധാകരന്റേതായി ഒരു വാരികയിൽ വന്ന അഭിമുഖത്തിലെ പരാമർശങ്ങളേക്കുറിച്ചു പ്രതികരിച്ചപ്പോൾ പിണറായിയുടെ ഭാഷയ്ക്കു പക്ഷേ ഒരു മയവുമില്ലായിരുന്നു.
സ്വന്തം മക്കളെ തട്ടിക്കൊണ്ട ുപോകാൻ സുധാകരൻ ആസൂത്രണം നടത്തി എന്ന അതീവഗുരുതരമായ ആരോപണവും പിണറായി ഉന്നയിച്ചു.
അതിനുള്ള മറുപടിയിൽ സുധാകരനും ഒരു പിശുക്കും കാട്ടിയില്ല. മുഖ്യമന്ത്രിയെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സുധാകരന്റെ പ്രതികരണം. ഇരുവരും തനതായ ഭാഷയിലും ശൈലിയിലും തന്നെ പ്രതികരിച്ചു.
സുധാകരനും പിണറായിക്കും പിന്തുണയുമായി ഇരുപാർട്ടിയിലെയും പ്രമുഖ നേതാക്കൾ രംഗത്തെത്തി. എ. വിജയരാഘവൻ, എ.കെ. ബാലൻ തുടങ്ങിയവർ പിണറായിയെ പിന്തുണച്ചും സുധാകരനെ വിമർശിച്ചും രംഗത്തു വന്നപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ട ി, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ സുധാകരനു പിന്തുണയുമായി എത്തി.
കോണ്ഗ്രസ് നേതാക്കൾ സുധാകരനെ പിന്തുണയ്ക്കുന്നതിനേക്കാൾ പിണറായിയെ വിമർശിക്കുന്നതിലാണ് കൂടുതൽ ഉൗന്നൽ നൽകിയത്. മുഖ്യമന്ത്രിയുടെ പദവിക്കു നിരക്കാത്ത പരാമർശങ്ങളാണു പിണറായി നടത്തിയതെന്നായിരുന്നു ഇവരുടെ വിമർശനത്തിന്റെ കാതൽ.
കണ്ണൂർ രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമാണ് പിണറായിയുടെയും സുധാകരന്റെയും വാക്പോരിൽ പ്രതിഫലിച്ചത്. കോണ്ഗ്രസ് രാഷ്ട്രീയത്തിൽ പതിവില്ലാത്ത ശൈലിയുമാണിത്.
സുധാകരനെ സിപിഎം ഭയപ്പെടുന്നതിനാലാണ് വളഞ്ഞിട്ടു വിമർശിക്കുന്നതെന്ന് സുധാകരന്റെ അനുകൂലികൾ പറയുന്നു. തുടർച്ചയായ രണ്ട ു തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട കോണ്ഗ്രസ് അണികൾക്ക് ആവേശം പകരുന്നതാണ് സുധാകരന്റെ വാക്കുകൾ എന്നും കോണ്ഗ്രസ് കരുതുന്നു.
പിണറായിയെ നേരിടാൻ തക്കശേഷിയുള്ള എതിരാളി എന്ന പ്രതിച്ഛായ സുധാകരനു സൃഷ്ടിച്ചു കൊടുക്കാനും അദ്ദേഹത്തിന്റെ അനുയായികൾ ശ്രമിക്കുന്നു. സുധാകരന്റെ ഇന്നലത്തെ വാർത്താസമ്മേളനത്തിലെ വാക്കുകളോടു തത്കാലം പ്രതികരിക്കേണ്ട എന്നാണു മുഖ്യമന്ത്രി തീരുമാനിച്ചിട്ടുള്ളത്.
ഒരു വാരികയിൽ വന്ന അഭിമുഖത്തിന്റെ പേരിൽ മുഖ്യമന്ത്രി നടത്തിയ ദീർഘമായ പ്രതികരണം സുധാകരന് അനാവശ്യമായ പ്രാധാന്യം നേടിക്കൊടുത്തു എന്ന വാദഗതിയുമുണ്ട്.
തന്നെ ഗുണ്ടയും ക്രിമിനലുമാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിക്കുന്ന സുധാകരൻ പിണറായിയുടെ പൂർവകാല ചരിത്രത്തെക്കുറിച്ചാണ് വിശദമായി സംസാരിച്ചത്.
മുഖ്യമന്ത്രി എന്ന നിലയിൽ ഇന്നു പിണറായി വിജയനുള്ള പ്രതിച്ഛായയുമായി ഒത്തുപോകുന്ന കാര്യങ്ങളല്ല ആരോപണങ്ങളായിട്ടാണെങ്കിലും സുധാകരൻ പറഞ്ഞു വച്ചത്. സുധാകരൻ ഉന്നം വച്ചതും അതു തന്നെയാകും.
എതിരാളിയില്ലാത്ത നേതാവ് എന്ന നിലയിലായിരുന്നു പിണറായി വിജയൻ സമീപനാളുകളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിലയുറപ്പിച്ചിരുന്നത്. എന്നാൽ പിണറായിയെ നേരിടാൻ അതേശൈലി എന്നാണിപ്പോൾ സുധാകരനും പറയാതെ പറയുന്നത്.
ഇരുവരും പരസ്പരം ഉയർത്തുന്ന ആരോപണങ്ങൾ ആരോപണങ്ങളായി തന്നെ തുടർന്നേക്കാം. അഞ്ചു പതിറ്റാണ്ടിനു മുന്പ് വിദ്യാർഥി നേതാക്കളായിരുന്ന കാലത്ത് ഇവർ കാട്ടിയ വീരസ്യത്തിന്റെ കഥ ഈ പ്രായത്തിൽ ഇവർ വിളന്പുന്നതു യുവതലമുറയ്ക്ക് ആകർഷകമായി തോന്നാനും സാധ്യതയില്ല. എങ്കിലും ഇവരുടെ വാക്പോരു നൽകുന്ന സന്ദേശം വ്യക്തമാണ്. സിപിഎമ്മും കോണ്ഗ്രസും ഏറ്റുമുട്ടലിന്റെ പാതയിൽ തന്നെയാകും മുന്നോട്ടു പോകുക. അതിൽ ആരു നേട്ടമുണ്ടാക്കും എന്നതു കാലം തെളിയിക്കും.
സാബു ജോണ്