സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ കഴിഞ്ഞദിവസം രാവിലെ ഏഴിന് ചാർട്ടേഡ് വിമാനത്തിൽ എത്തിയത് ആരാണെന്നും എന്താണ് കൊണ്ടുവന്നതെന്നും അന്വേഷിക്കണമെന്ന് കെ.സുധാകരൻ എംപി.
വന്നവരിലെ പ്രധാനി പാതിരാത്രിവരെ എവിടെയായിരുന്നു, ആരെ കണ്ടു, എവിടെ തങ്ങി എന്നതിനെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
അദാനിയുമായി ഉണ്ടാക്കിയ കരാറിന്റെ പാരിതോഷികവുമായി എത്തിയതാണ് വിമാനമെന്ന് ആരോപണമുണ്ട്.
ഇനി അങ്ങനെയല്ലെങ്കിൽ അതു തെളിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കാണ്. കറൻസിയാണോ ഡോളറാണോ കൊണ്ടുവന്നതെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
യുഡിഎഫ് അധികാരത്തിൽ വന്നാൽ അന്വേഷിച്ച് എല്ലാ ആരോപണങ്ങളുടെയും നാരും വേരും കണ്ടെത്തുമെന്നും സുധാകരൻ പറഞ്ഞു.
സ്വന്തം പാർട്ടി നേതാക്കളിൽ പലരും പിണറായിയുമായി അകന്നുകൊണ്ടിരിക്കുന്നു. കോടിയേരി, പി.ജയരാജൻ, ഇ.പി. ജയരാജൻ, തോമസ് ഐസക്, ജി. സുധാകരൻ എന്നിവരെല്ലാം ഒളിഞ്ഞും തെളിഞ്ഞും പിണറായിക്കെതിരേ തിരിയുന്നു.
അവസാനം ഞാനും മകനും എന്ന അവസ്ഥയിലേക്കാണ് പിണറായിയുടെ പോക്ക്.
ലോക്സഭയിൽ മത്സരിച്ചു പരാജയപ്പെട്ടവർക്ക് ഇത്തവണ നിയമസഭയിലേക്ക് അവസരം കൊടുക്കേണ്ടെന്ന മാനദണ്ഡം സിപിഎം കൊണ്ടുവന്നത് പി. ജയരാജനെ ഇല്ലാതാക്കാനാണ്. എം.ബി. രാജഷിന് എന്തുകൊണ്ട് ഈ മാനദണ്ഡം ബാധകമായില്ലെന്നും സുധാകരൻ ചോദിച്ചു.
കള്ളവോട്ടില്ലാതെ സത്യസന്ധമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നതെങ്കിൽ എൽഡിഎഫിന് കണ്ണൂരിൽ നാലു സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂ.
ഇത്തവണ ജില്ലയിൽ യുഡിഎഫ് അഞ്ചു സീറ്റ് നേടുമെന്നും ചോദ്യത്തിന് മറുപടിയായി സുധാകരൻ പറഞ്ഞു.