തിരുവനന്തപുരം: കോൺഗ്രസിനോട് ചേർന്നു നിൽക്കുന്ന കലാകാരന്മാരെ സിപിഎം ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
കോൺഗ്രസിന്റെ ശബ്ദമാകാൻ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും കടന്നുവരുമ്പോൾ അവരെ വേട്ടയാടി നിശബ്ദരാക്കാൻ ശ്രമിക്കുന്നവരോട് ഇനി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ധർമജൻ ബോൾഗാട്ടി തെരഞ്ഞെടുപ്പ് സമയത്ത് നേരിട്ട വിഷമതകളെക്കുറിച്ച് പറഞ്ഞപ്പോൾ അതിനെക്കുറിച്ച് വിശദമായി അറിയാൻ ധർമജനെ നേരിട്ടുവിളിച്ചു.
അദ്ദേഹം പറഞ്ഞ പലകാര്യങ്ങളിലും വസ്തുതയുണ്ടെന്ന് മനസിലാക്കാൻ സാധിച്ചു. കാര്യങ്ങൾ പരിശോധിച്ച് ഉചിതമായ നടപടികളെടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ സലീം കുമാറിനെ ഐഎഫ്എഫ്കെ വേദിയിൽ അപമാനിച്ചു.
നടനും സംവിധായകനുമായ രമേശ് പിഷാരടി കോൺഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയതിന്റെ പേരിൽ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടു.
ഇരുവരെയും ഫോണിൽ വിളിച്ചതായും പൂർണപിന്തുണ നൽകിയിട്ടുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.