തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസിലെ ചേരിപ്പോരിന് താൽക്കാലിക വിരാമം. കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലുമായി ഇന്ദിരാഭവനിൽവച്ച് ചർച്ച നടത്തി.
എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും പാർട്ടി ഇനി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കെ. സുധാകരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും എല്ലാ അതൃപ്തിയും പരിഹരിച്ചു. തുടർന്നുള്ള പുനസംഘടനയിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും.
കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവർ പ്രശ്നപരിഹാരത്തിനായി ഇനി എത്തില്ലെന്നും സുധാകരൻ അറിയിച്ചു. അതേസമയം, രാജ് മോഹൻ ഉണ്ണിത്താൻ എംപിയോട് കെപിസിസി വിശദീകരണം ചോദിക്കണമെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇതിൽ കെപിസിസി അധ്യക്ഷൻ ഉറപ്പ് നൽകിയതായാണ് സൂചന.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം നേടി ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പുതുപ്പള്ളിയിലെയും ഹരിപ്പാട്ടെയും വീട്ടിലെത്തി കണ്ടിരുന്നു. ഞായറാഴ്ച രാവിലെയാണ് സതീശൻ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയത്. ചർച്ച അരമണിക്കൂറോളം നീണ്ടു.
വൈകീട്ട് 3.30ന് ഹരിപ്പാട് എംഎൽഎ ഓഫിസിലായിരുന്നു ചെന്നിത്തലയുമായുള്ള ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ച. മുതിർന്ന നേതാക്കൾക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും കൂടിക്കാഴ്ചക്കുശേഷം സതീശൻ പറഞ്ഞു.