പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടപ്പിലാക്കിയതെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ വകുപ്പിന്റെ ദക്ഷിണമേഖലാ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1,06,502 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നത്. വികസനം നിലവിലെ രീതിയില്‍ തുടരാന്‍ കഴിയണം. മഴക്കാലം മുന്നില്‍കണ്ട് റോഡുകളുടെ അറ്റകുറ്റപണി അതിവേഗത്തില്‍ പൂര്‍ത്തിയാക്കണം. പുതിയ റോഡുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വെട്ടിപ്പൊളിക്കാന്‍ അനുവദിക്കരുത്.
ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനൊപ്പം സംസ്കരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ചെറുറോഡുകളുടെ നിര്‍മാണവും ഉറപ്പാക്കണം. റോഡുകളുടെ നിലവാരം ഉയര്‍ത്താനായതാണ് രണ്ടു വര്‍ഷത്തെ പ്രധാന നേട്ടം. ഇതേ നിലവാരത്തിലുള്ള പദ്ധതി നിര്‍ദേശങ്ങളാണ് ഇനി ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കേണ്ടത്.
എഞ്ചിനീയര്‍മാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം അവയുടെ പരിപാലനവും ഉറപ്പാക്കണം. കയ്യേറ്റങ്ങള്‍ ഒഴിപ്പാക്കാനുള്ള നടപടികളും ശക്തമാക്കണം. വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ എഞ്ചിനീയര്‍മാരെ നിയമിക്കാന്‍ ശ്രമിക്കും.
മലയോര-തീരദേശ ഹൈവേകളുടെ നിര്‍മാണം 2020 ഓടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ദേശീയപാത വികസനത്തിന് തടസ്സമാകും വിധമുള്ള വിവാദങ്ങള്‍ ഒഴിവാക്കണം. ഘടനയില്‍ അടിക്കടി മാറ്റങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഇവിടെ കയ്യേറ്റങ്ങള്‍ ഒഴിപ്പുന്നതിനൊപ്പം പുതിയവ ഉണ്ടാകതെ നോക്കുകയും വേണം – മന്ത്രി വ്യക്തമാക്കി.
വകുപ്പ് സെക്രട്ടറി കമലവര്‍ധന റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് എഞ്ചിനീയര്‍മാരായ ജീവന്‍രാജ്, ഹൈദ്രു, പ്രഭാകരന്, പെണ്ണമ്മ, ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.