അന്പലപ്പുഴ: പുന്നപ്രയിൽ മന്ത്രി ജി. സുധാകരനെതിരേ പോസ്റ്ററുകൾ. പുന്നപ്ര സമരഭൂമിയിലാണ് പോസ്റ്ററുകൾ കണ്ടത്.
രക്തസാക്ഷികൾ പൊറുക്കില്ലെടൊ… വർഗവഞ്ചകാ… സുധാകരാ… എന്നുള്ള പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്.
ഡിറ്റിപി എടുത്ത ചെറിയ പോസ്റ്ററുകൾ ഇന്നലെ പുലർച്ചെ മുതലാണ് പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടത്. രാവിലെ നടക്കാനിറങ്ങിയവരാണ് പോസ്റ്ററുകൾ കണ്ടത്.
മൊബൈൽ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ പോസ്റ്ററുകൾ അപ്രത്യക്ഷമായി.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുന്പുതന്നെ സിപിഎമ്മിൽ പൊട്ടിത്തെറിക്ക് കളമൊരുങ്ങുമെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചുദിവസമായി മന്ത്രി ജി. സുധാകരന്റെ പഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ മന്ത്രിക്കെതിരേ തുറന്ന യുദ്ധം നടത്തിവരുന്നതിനിടെയാണ് സ്വന്തം പഞ്ചായത്തിൽ മന്ത്രിക്കെതിരെ പോസ്റ്ററുകൾ പ്രചരിക്കുന്നത്.
ഇതോടെ പാർട്ടി നേതൃത്വവും സുധാകരനും കൂടുതൽ സമ്മർദത്തിലായിരിക്കുകയാണ്.
മന്ത്രി ജി. സുധാകരനെതിരെ അപകീർത്തികരമായ പോസ്റ്റർ പതിച്ച സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും നിയമത്തിനു മുന്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സിപിഎം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്ത് മുൻ അംഗവും കോണ്ഗ്രസ് പ്രാദേശിക നേതാവുമായ തോബിയാസിനെതിരെ സിപിഎം പുന്നപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. അശോക് കുമാർ പുന്നപ്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായുള്ള ഫ്ളക്സിന്റ ഒരു മൂലയിൽ അശ്രദ്ധമായ നിലയിലായിരുന്നു പോസ്റ്റർ.
ഈ സമയം ഇവിടെയെത്തിയ തോബിയാസ് ഇതുമൊബൈൽ കാമറയിൽ ചിത്രീകരിക്കുന്നത് കണ്ടതായി സമീപവാസികൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്.