തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പൊളിറ്റിക്കൽ ക്രമിനലിന്റെ ശൈലിയും ഭാഷയുമാണ് പിണറായിക്ക്.
പിആർ ഏജൻസിയുടെ മൂടുപടത്തിൽനിന്നും പിണറായി പുറത്തുവന്നിരിക്കുന്നു. യഥാർഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടതെന്നും സുധാകരൻ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രണ്ണൻ സംഭവം
ബ്രണ്ണൻ കോളജിലെ സംഘർഷം യഥാർഥ സംഭവമാണെങ്കിലും പ്രസിദ്ധപ്പെടുത്താൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഒരു മാധ്യമപ്രവർത്തകനോട് റിപ്പോർട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വെളിപ്പെടുത്തിയ കാര്യമാണ് പുറത്തുവന്നത്. നടന്ന സംഭവമാണ് പുറത്തുവന്നതെങ്കിലും മാധ്യമത്തിന്റെ ഭാഗത്തുനിന്നും ചതിവാണുണ്ടായത്. മാധ്യമപ്രവർത്തനത്തിന് അപമാനകരമായ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുമായുള്ള സംഘർഷം നടക്കുന്നത് 67 ൽ ആണ്. താൻ ഫസ്റ്റ് ഡിസി വിദ്യാർഥിയാണ്. 71 ൽ ആണ് മമ്പറം ദിവാകരനും എ.കെ ബാലനും ബ്രണ്ണനിൽ എത്തുന്നത്. അവർ അന്ന് കോളജിലില്ല. അന്നത്തെ തലമുറയിലെ ആരോട് ചോദിച്ചാലും യാഥാർഥ്യം അറിയാം. മാധ്യമ പ്രവർത്തകർ അന്ന് നടന്നതിന്റെ വസ്തുത പുറത്തുകൊണ്ടുവരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കുട്ടികളെ തട്ടിക്കൊണ്ടുപോകൽ ആരോപണം
മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്ന ആരോപണം എഴുതിവായിക്കണോ? വിങ്ങുന്ന അനുഭവം ആർക്കെങ്കിലും എഴുതിവായിക്കേണ്ടിവരുമോ? ആരാണ് വിജയനോട് ഇക്കാര്യം പറഞ്ഞതെന്ന് പറയണം. എന്തുകൊണ്ട് പോലീസിൽ പരാതി നൽകിയില്ല. ഭാര്യയോടുപോലും പറഞ്ഞില്ലെന്നാണ് പറയുന്നത്. അപാരമായ തൊലിക്കട്ടിയില്ലാതെ ഇത്തരം കള്ളവാർത്ത പ്രചരിപ്പിക്കാനാവില്ലെന്നെന്ന് സുധാകരൻ പറഞ്ഞു.
മാഫിയ ബന്ധം
മണൽ മാഫിയ ബന്ധം ഉണ്ടെന്നാണ് പറയുന്നത്. ഇതുസംബന്ധിച്ചൊക്കെ അന്വേഷിക്കാൻ അധികാരമുള്ള സർക്കാരിന്റെ തലവനാണ് പിണറായി വിജയൻ. തനിക്ക് മാഫിയ ബന്ധുമുണ്ടെങ്കിൽ അന്വേഷിക്കണം. പാർട്ടിഫണ്ട് ദുരുപയോഗം ചെയ്തെന്ന് ഒരാളും പറയില്ല. ആരെങ്കിലും പരാതി തന്നാൽ അന്വേഷിച്ച് തന്നെ പ്രതിക്കൂട്ടിൽ നിർത്തണം. തന്നെ പ്രതിക്കൂട്ടിൽ കയറ്റാൻ നട്ടെല്ലുണ്ടെങ്കിൽ അത് കാണിക്കണം.
വെടിയുണ്ട ആരിൽനിന്നാണ് പിടിച്ചത്. വെടുയുണ്ടയുമായി നടക്കുന്നത് പുഴുങ്ങിത്തിന്നാണോ? തോക്കുമായി നടക്കുന്ന പിണറായി വിജയനാണോ മാഫിയ തോക്ക് ഉപയോഗിക്കാത്ത താനാണോ മാഫിയയെന്നും സുധാകരൻ ചോദിച്ചു.
ബിജെപി ബാന്ധവം
ബിജെപിയുടെ ആനുകൂല്യം പറ്റിയിട്ട് അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചാൽ പല്ലുംനഖവും ഉപയോഗിച്ച് എതിർക്കും. സിപിഎം ആണ് ബിജെപിയുമായി കൂട്ടുകൂടിയിട്ടുള്ളത്. രാജ്യത്തെ ഏത് സംസ്ഥാനത്താണ് സിപിഎം ബിജെപിയോട് എതിർക്കുന്നത്. തങ്ങളാണ് ബിജെപി മുന്നേറ്റത്തെ തടുത്തുനിർത്തുന്നത്.
കണ്ണൂരിലേത് ചെറുത്ത് നിൽപ്പ്
കണ്ണൂരിൽ കോൺഗ്രസ് നടത്തുന്നത് ചെറുത്തുനിൽപ്പാണ്. കണ്ണൂരിൽ ഒരു കൊലപാതകം മാത്രമാണ് പാർട്ടി ചെയ്തത്. തന്റെ പിള്ളാരെ 14 പേരെ കൊലപ്പെടുത്തിയിട്ടും സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ താൻ ആഗ്രഹിച്ചിട്ടില്ല.