തിരുവനന്തപുരം: കൊല്ലം ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എംപി നടത്തിയ പരാമർശങ്ങൾ അബദ്ധം മാത്രമാണെന്നും തന്റെ കൊക്കിലൊതുങ്ങുന്ന കാര്യങ്ങൾ മാത്രമേ അദ്ദേഹം പറയാവൂവെന്നും മന്ത്രി ജി. സുധാകരൻ. കൊല്ലം ബൈപാസ് പൂർത്തിയാക്കിയതിൽ എംപിയായ എൻ.കെ. പ്രേമചന്ദ്രന് ഒരു കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ മൂന്നു വർഷക്കാലത്ത് 30 ശതമാനം നിർമാണ ജോലികൾ മാത്രമാണ് തീർത്തത്. പിണറായി സർക്കാർ രണ്ടര വർഷം കൊണ്ടാണ് ബാക്കി 70 ശതമാനം ജോലികൾ തീർത്തത്. ബൈപാസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയായിരുന്നു.
ജനുവരി ഒന്നിന് പൊതുമരാമത്ത് ചീഫ് എൻജിനിയർക്ക് കിട്ടിയ ഇ-മെയിൽ സന്ദേശത്തിൽ പ്രധാനമന്ത്രി വരാൻ സാധ്യതയുണ്ടെന്നു മാത്രം അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇന്നലെ ലഭിച്ച സ്ഥിരീകരിക്കപ്പെട്ട പരിപാടിയിൽ പ്രധാനമന്ത്രി 15 ന് വൈകുന്നേരം 5.20 മുതൽ 5.50 വരെ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.