എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: മുല്ലള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കെ.സുധാകരൻ കെ പിസിസി പ്രസിഡന്റാകും. ഇക്കാര്യം ചർച്ച ചെയ്യാനാണ് രാഹുൽ ഗാന്ധി കെ.സുധാകരനെ ഡൽഹിക്കു വിളിപ്പിച്ചത്.
ഇതു സംബന്ധിച്ചു രാഹുൽ ഗാന്ധി സുധാകരനുമായി ചർച്ച നടത്തി. പദവി ഏറ്റെടുക്കാനുള്ള സന്നദ്ധത സുധാകരൻ രാഹുൽ ഗാന്ധിയെ അറിയിച്ചു.
മുല്ലപ്പള്ളി മത്സരിക്കാൻ
അതേസമയം, മുല്ലപ്പള്ളി നിയമസഭാ തെരഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ്. കൊടുവള്ളി, കൽപ്പറ്റ വടകര മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാനാണ് മുപ്പള്ളിക്ക് താത്പര്യം. ഹൈക്കമാൻഡ് അനുമതി ലഭിച്ചാൽ മുല്ലപ്പള്ളി മത്സരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് മുല്ലപ്പള്ളിയെ മാറ്റി കെ.സുധാകരന പ്രസിഡന്റാക്കുന്നതിനെ കോൺഗ്രസിലെ ഒരു വിഭാഗം നേരത്തെ മുതൽ എതിർക്കുന്നുണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെ സുധാകരന്റെ വിവാദ പ്രസ്താവന.
അതിൽനിന്നു പിന്നോട്ടുപോകാൻ അദ്ദേഹത്തോടു പല കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത്തരം ആവശ്യങ്ങളോട് അതിരൂക്ഷമായാണ് പ്രതികരിച്ചത്. ഈ വിവാദം നിലനിൽക്കെയാണ് രാഹുൽ ഗാന്ധി സുധാകരനെ ഡൽഹിക്കു വിളിപ്പിച്ചത്.
സുധാകരനെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്നും അതു നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നുമുള്ള സന്ദേശം ഉമ്മൻ ചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കൾത്തന്നെ തങ്ങളുടെ കൂടെയുള്ളവർക്കു നൽകുന്നുണ്ട്.
സിപിഎമ്മിനെതിരേ ശക്തമായ പോർമുഖം തുറക്കാൻ സുധാകരൻ തലപ്പത്ത് വേണമെന്ന ആവശ്യം താഴെത്തട്ടു മുതൽ സജീവമാണ്.
മുല്ലപ്പള്ളിയെ മാറ്റിയാൽ പകരം ആരെന്ന ചർച്ചകൾ പലപ്പോഴും സുധാകരനിൽ ചെന്നു നിൽക്കുന്പോഴും കോൺഗ്രസിൽനിന്നു തന്നെ ചില എതിർപ്പുകൾ ഉയർന്നിരുന്നു.
ഇതു മനസിലാക്കിത്തന്നെയാണ് തന്നെ കെപിസിസി പ്രസിസന്റ് ആകാതിരിക്കാൻ കോൺഗസിനുള്ളിൽനിന്നു തന്നെ നീക്കമുണ്ടായിരുന്നുവെന്ന വികാരം കഴിഞ്ഞ ദിവസം കെ സുധാകരൻ പ്രകടിപ്പിച്ചത്.
കെ. സുധാകരനെ പ്രസിഡന്റാക്കിയാൽ കോൺഗ്രസിന് ഊർജം ലഭിക്കുമെന്ന ചിന്ത പ്രവർത്തകർക്കിടയിലുണ്ട്. എന്നാൽ, കെ.സുധാകരന്റെ വിവാദ പ്രസ്താവനകൾ ആണ് പലപ്പോഴും അദ്ദേഹത്തിനു വിനയായി മാറുന്നതും അദ്ദേഹത്തെ എതിർക്കുന്നവർ ആയുധമാക്കുന്നതും.
രാഹുൽ ഗാന്ധിയുമായുള്ള കെ.സുധാകരന്റെ ചർച്ച ഏറെ നിർണായകമാണ്. ഇവിടെ വിവാദമുണ്ടാക്കിയ ശേഷം ഡൽഹിക്കു പോകുന്ന സുധാകരൻ കെപിസിസി പ്രസിഡന്റായി തിരികെ വരുമോയെന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം.