തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കാനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡൽഹിയിലെത്തി.
എഐസിസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി എന്നിവരുമായി ഇരുവരും ചർച്ച നടത്തും. പാർട്ടി സംസ്ഥാന ഘടകത്തിലെ വിഷയങ്ങളും അധികാരത്തിന്റെ ചുവട് പിടിച്ച് എൽഡിഎഫ് സർക്കാർ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കള്ളക്കേസെടുക്കുന്ന കാര്യങ്ങളും ചർച്ചയാകും.
ബിജെപി സർക്കാരിനെതിരെ പുതിയ ബദൽ രൂപീകരിക്കാൻ കഴിഞ്ഞ ദിവസം പാട്നയിൽ ചേർന്ന് പ്രതിപക്ഷ പാർട്ടികളുടെ വിശാല ഐക്യത്തിൽ കോണ്‍ഗ്രസിനോടൊപ്പം സിപിഎമ്മും ചേർന്നിരുന്നു.
കേരളം പോലെയുള്ള സംസ്ഥാനത്ത് സിപിഎമ്മും കോണ്‍ഗ്രസുമാണ് നേർക്ക് നേർ ഏറ്റുമുട്ടുന്നത്. എൽഡിഎഫ് സർക്കാർ അനാവശ്യ കേസുകൾ രജിസ്റ്റർ ചെയ്ത് കോണ്‍ഗ്രസ് നേതാക്കളെ ദ്രോഹിക്കുന്പോൾ വിശാല ഐക്യത്തിൽ സിപിഎമ്മുമായി കൈകോർക്കുന്പോൾ കേരളത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന കാര്യങ്ങൾ ഇരു നേതാക്കളും ഹൈക്കമാൻഡിനെ അറിയിക്കും.
നിലവിൽ 19 ലോക്സഭ സീറ്റുകളിൽ വിജയിച്ച് നിൽക്കുന്നത് യുഡിഎഫാണ്. കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാണെന്നും എൽഡിഎഫിന്റെ അഴിമതിക്ക് കോണ്‍ഗ്രസ് കൂട്ടുനിൽക്കുന്നുവെന്നും ബിജെപി ആരോപണവുമായി രംഗത്ത് വന്നാൽ പാർട്ടിക്ക് ക്ഷീണമാകുമെന്നും നേതാക്കൾ ആശങ്കപ്പെടുന്നു.
ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ ധരിപ്പിക്കും. പുരാവസ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ.സുധാകരന്റെ അറസ്റ്റ്, 28ന് തുടങ്ങുന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് എന്നിവയും ചർച്ച ചെയ്യും. രണ്ട് ദിവസം ഇരു നേതാക്കളും ഡൽഹിയിലുണ്ടാകും.
എന്റെയും ഭാര്യയുടെയും സാന്പത്തിക കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നു: കെ. സുധാകരൻ
ന്യൂഡൽഹി: തന്റെയും ഭാര്യയുടെയും സാന്പത്തിക ഇടപാടുകൾ പോലീസ് അന്വേഷിക്കുന്നുവെന്ന് കെ. സുധാകരൻ. ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി ഡൽഹിയിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നതെന്നും അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യയ്ക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
രാഹുൽ ഗാന്ധിയെ കാണാനാണ് താൻ ഡൽയിലെത്തിയതെന്നും കെ. സുധാകരൻ പറഞ്ഞു. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്നും വായിൽ തോന്നിയത് വിളിച്ചു പറയുന്ന എം.വി.ഗോവിന്ദനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു.