ആലപ്പുഴ: മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. ‘കയര്‍ കേരള’ രാജ്യാന്തരമേളയുടെ പോസ്റ്ററില്‍ നിന്ന് മന്ത്രി സുധാകരനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ അങ്ങാടിപ്പാട്ടായിരിക്കുന്നത്. ഇതേക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി 28നും 29നും സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തേക്കുമെന്നാണ് വിവരം.
പൊതുമരാമത്തുവകുപ്പിന്റെ ആലപ്പുഴയിലെ റസ്റ്റ് ഹൗസില്‍ മന്ത്രി തോമസ് ഐസക്കിന്റെ സ്ഥിരം മുറി ഒഴിപ്പിച്ചതിന്റെ പ്രതികാരമായാണ് കയര്‍ കേരള നടത്തിപ്പില്‍നിന്നു മന്ത്രി ജി.സുധാകരനെ ഒഴിവാക്കിയതെന്നാണ് സംസാരം. മുന്‍ കയര്‍ മന്ത്രിയും ജില്ലയുടെ ചുമതലക്കാരനുമായ തന്നെ ഒഴിവാക്കിയാണു കയര്‍ കേരളയുടെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നു ജി.സുധാകരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജില്ലയിലെ ചില സി.പി.എം നേതാക്കള്‍ക്കെതിരെയായിരുന്നു ആരോപണം.
സുധാകരന്റെ പരാതിയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെകൂടി ചിത്രം ഉള്‍പ്പെടുത്തിയ പുതിയ ബോര്‍ഡുകള്‍ കയര്‍ കേരള സംഘാടകസമിതി നഗരത്തില്‍ സ്ഥാപിച്ചാണ് പ്രശ്‌നം ഒരുവിധത്തില്‍ പരിഹരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവരുടെ ചിത്രങ്ങളാണു പുതിയ ബോര്‍ഡുകളില്‍. പുതിയ പോസ്റ്ററുകളും അച്ചടിക്കുമെന്നാണു ജില്ലയിലെ നേതാക്കള്‍ പറയുന്നത്. കയര്‍ വകുപ്പു നടത്തുന്ന കയര്‍ കേരള പ്രദര്‍ശനത്തിന്റെ പ്രചാരണത്തിന്റെ തുടക്കംമുതല്‍ മന്ത്രി ജി.സുധാകരന്‍ പുറത്തായിരുന്നു.
കേന്ദ്രീകൃത ഓഫിസില്‍നിന്നാണു പ്രചാരണവസ്തുക്കളുടെ മാതൃക തയാറാക്കി വിവിധ സ്ഥാപനങ്ങള്‍ക്കു നല്‍കിയത്. ലഭിച്ച മാതൃകകള്‍ ഉപയോഗിച്ചു പ്രചാരണവസ്തുക്കള്‍ സ്ഥാപിക്കുകയാണു ചെയ്തതെന്നു ജില്ലാ സി.പി.എം നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. മന്ത്രി സുധാകരന്റെ ഇടപെടലിനെ തുടര്‍ന്ന് കയര്‍ സ്ഥാപനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥനാണു പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതിനാല്‍ തന്നെ കരുതിക്കൂട്ടിയാണ് സുധാകരനെ ഒഴിവാക്കിയതെന്നാണ് സംസാരം.