ആലപ്പുഴ: മനുഷ്യകുലത്തിനു വേണ്ടി നിലകൊള്ളുകയെന്നതാകണം കലയുടേയും സാഹിത്യത്തിന്റേയും ആത്യന്തിക ലക്ഷ്യമെന്നും ഭയപ്പെടാതിരിക്കുക എന്നതാണ് ഈ കാലത്തിൽ കലാകാരൻ ചെയ്യേണ്ടതെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. വിലക്കുകൾക്കെതിരെ യുവ എഴുത്തുകാരുടെ സാംസ്കാരിക പ്രതിരോധം ഉയർത്തിവിട്ടുകൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ‘എഴുത്തകം’ ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനുകൂലിക്കുന്നവരേയും എതിർക്കുന്നവരേയും ഒരുപോലെ ഉൾക്കൊള്ളുന്നതാണ് മാനവികത. എല്ലാ വിപ്ലവങ്ങളുടേയും അടിസ്ഥാനം മാനവികതയാണ്. ഏതു കരിങ്കല്ലിനേയും ലയിപ്പിക്കാൻ കഴിയുന്ന മാനവികതയെ ഉണർത്താൻ സാഹിത്യ, സിനിമാ, കലാരൂപങ്ങളെ ഉപയോഗിക്കണം. നമ്മുടെ കലാലയങ്ങളിലടക്കം സ്നേഹവും മാനവികതയും ഉണ്ടാകുന്നത് പുതുതലമുറയെ ഉണർത്താൻ ഉപകരിക്കും.
ആവിഷ്കാര സ്വാതന്ത്ര്യവും ചിന്തകളും നൈസർഗികമാണ്. അതുകൊണ്ടുതന്നെ, ആരേയും തടസപ്പെടുത്താൻ ആർക്കും സാധ്യമല്ല. മനുഷ്യൻ പിറന്നുവീണതുതന്നെ സ്വതന്ത്രനായിട്ടാണ്. ആ സ്വാതന്ത്ര്യം നമ്മുടെ മൗലികാവകാശമാണ്. ഒരു പുരോഗമന ആശയത്തേയും ആർക്കും തടയാൻ കഴിയില്ല. തടയാനാകുമെന്നു കരുതുന്നവർ പമ്പര വിഡ്ഢികളാണ്.
കൈവിലങ്ങുകളേയും കാൽച്ചങ്ങലകളേയുമടക്കം എല്ലാ വിലക്കുകളും അതിജീവിക്കുവാൻ കലാസാഹിത്യ സൃഷ്ടികളിലൂടെ സാധ്യമാകും. വ്യവസ്ഥയെ ഉടച്ചുവാർക്കാതെ വിപ്ലവം ഉണ്ടാകില്ല. ഇപ്പോഴത്തെ ചില സ്ഥിതിവിശേഷങ്ങളിലൂടെ രൂപപ്പെടുന്ന വിലക്കുകൾ പൊട്ടിച്ചെറിയുകതന്നെവേണമെന്ന് മന്ത്രി ഓർമിപ്പിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രഭാവർമയെ ചടങ്ങിൽ ആദരിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ മറികടക്കുവാൻ സർഗാത്മകതയിലൂടെ മാത്രമേ കഴിയുകയുള്ളുവെന്നും പ്രഭാവർമ പറഞ്ഞു. സോഷ്യലിസം, സമഭാവന, മതനിരപേക്ഷത ഈ സന്ദേശമാകണം പുതിയ കാലത്ത് ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പരിപാടിയുടെ മുന്നോടിയായി നാല്പതോളം ചിത്രകാരന്മാർ ചിത്രം വരച്ചും മണൽശില്പങ്ങൾ തീർത്തും സാംസ്കാരിക പ്രതിരോധത്തിനു തുടക്കമിട്ടു. ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. ഞരളത്തു ഹരിഗോവിന്ദൻ സോപാനസംഗീതം ആലപിച്ചു. ഗായിക പി.കെ. മേദിനി ഗാനങ്ങൾ ആലപിച്ചു.