കണ്ണൂർ: തന്നെ ബിജെപിയിലേക്കു ക്ഷണിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും ചെന്നൈയിലെ ബിജെപി നേതാവ് രാജയുമായും കൂടിക്കാഴ്ച നടത്തുന്നതിനായി രണ്ടു തവണ ദൂതൻമാർ തന്നെ വന്നു കണ്ടിരുന്നെന്നും താൻ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവർ മടങ്ങിയെന്നും സുധാകരൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ബിജെപിയും സിപിഎമ്മും ഒരു പോലെ ഫാഷിസ്റ്റ് സംഘടനകളാണെന്നും കോണ്‍ഗ്രസ് വിട്ടാൽ താൻ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരൻ അഭിമുഖത്തിൽ വ്യക്തമാക്കി. വിധേയത്വമുള്ളവരെ മുകളിലേക്കു വിടുന്ന രീതിയാണു കോണ്‍ഗ്രസിന്റെ ശാപമെന്നും ഇതിൽ മാറ്റം വേണമെന്നും സുധാകരൻ തുറന്നടിച്ചു.
നേരത്തെ, സുധാകരന് ബിജെപിയിലേക്കു ചേക്കേറുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ആരോപിച്ചിരുന്നു. ഇതിനു മുന്നോടിയായി സുധാകരൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ജയരാജൻ ആരോപിച്ചു.