ഷാജിമോന്‍ ജോസഫ്
കൊച്ചി: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം കാര്യമാക്കാതെ ഹൈക്കമാന്‍ഡ്.
മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം. സുധീരന്, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ പട്ടികയ്ക്കെതിരേ പരസ്യമായി പ്രതികരിക്കുകയും മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിന് പരാതി നല്‍കുകയും ചെയ്തെങ്കിലും തല്ക്കാലം അതു കാര്യമാക്കാതെ സുധാകരനെ പിന്തുണയ്ക്കുകയാണ് ഹൈക്കമാന്‍ഡ്.
പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും ചെവികൊടുക്കേണ്ടതില്ലെന്നും പരസ്യമായി പ്രതികരിക്കരുതെന്നുമാണ് സുധാകരന് മുകളില്‍നിന്നുള്ള നിര്‍ദേശമെന്നാണ് അറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാവാം, കഴിഞ്ഞ ഏതാനും നാളായി സുധാകരന് സംസാരശൈലിയില്‍, പ്രത്യേകിച്ചും പൊതുവേദികളില്‍, കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.
പ്രസിഡന്റാകുന്നതിനു മുന്‍പും പ്രസിഡന്റായ ഉടനെയും വിവാദപരാമര്‍ശങ്ങളും രൂക്ഷപ്രതികരണങ്ങളും നടത്തിയിട്ടുള്ള അദേഹത്തിന്റെ ഇപ്പോഴത്തെ ശൈലിമാറ്റം അനുയായികളെപോലും അമ്പരപ്പിക്കുന്നതാണ്.
ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെച്ചൊല്ലി അടുത്തയിടെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മില്‍ കടുത്ത വാക്ക്പോര് ഉടലെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഇരുവരും പരസ്യമായ പ്രതികരണത്തിനു തയാറായില്ല എന്നതും ശ്രദ്ധേയമാണ്.
മാധ്യമങ്ങളെ കാണുന്നതില്‍ ഒരു കാലത്തും യാതൊരു വൈമനസ്യവും കാണിക്കാതിരുന്ന അദേഹം ഇപ്പോള്‍ മാധ്യമങ്ങളോടും കാര്യമായ പ്രതികരണത്തിന് തയാറാവുന്നില്ല.
നേരത്തെ സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ച ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നുവെങ്കിലും സുധാകരന്റെ തീവ്ര നിലപാടുകള്‍ പാര്‍ട്ടിക്ക് ദോഷകരമാകുമെന്ന വാദം ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ തന്റെ ശൈലിമാറ്റത്തിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സുധാകരന്.
അതേസമയം മുന്‍കാലങ്ങളില്‍ സുധാകരന് പൊതുവേദികളില്‍, അതും സിപിഎമ്മിനെതിരേയാണ് കടുത്ത ഭാഷയില്‍ ആക്രമണം നടത്തിയിട്ടുള്ളതെന്നും പാര്‍ട്ടികമ്മിറ്റികളിലും സംഘടനാ യോഗങ്ങളിലും അദേഹം വളരെ ക്ഷമയോടെ കാര്യങ്ങള്‍ കേള്ക്കുന്നയാളാണെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു.
പുറത്തേക്കാള്‍ കൂടുതല്‍ സംഘടനയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ ഇപ്പോഴത്തെ ശൈലിമാറ്റമെന്നും അത് പാര്‍ട്ടിക്ക് കാര്യമായ ഗുണം ചെയ്യുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.