തിരുവനന്തപുരം: എൽഡിഎഫ് സംസ്ഥാനത്ത് വ്യാപകമായി കോണ്ഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെയും പ്രവർത്തകർക്ക് നേരെയും ആക്രമണം വ്യാപിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
അക്രമം അവസാനിപ്പിക്കാൻ സിപിഎമ്മും എൽഡിഎഫും തയാറായില്ലെങ്കിൽ ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇങ്ങനെ മുന്നോട്ടുപോയാൽ
സിപിഎമ്മുകാർ കോണ്ഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടത്തുന്നത് പോലെ തിരിച്ച് ആക്രമണം നടത്താൻ കഴിയാഞ്ഞിട്ടല്ല.
രാഷ്ട്രീയ മര്യാദയും അന്തസും പുലർത്തുന്ന പ്രസ്ഥാനമാണ് കോണ്ഗ്രസ്. എന്നാൽ ഇനിയും അക്രമം തുടർന്നാൽ ഗുരുതര ഭവിഷ്യത്തുകൾ എൽഡിഎഫ് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് അക്രമരാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരും. കേരളത്തിലെ ജനങ്ങൾ ഇതൊന്നും വക വച്ച് കൊടുക്കില്ല.
ജനങ്ങളുടെ മുന്നിൽ സിപിഎം തലകുനിക്കേണ്ടി വരും. മുഖ്യമന്ത്രി ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയപതനം ആസന്നമായിരിക്കുകയാണ്.
പ്രതിഷേധിച്ച രീതി…
വായ് തുറന്നാൽ വിടുവായത്തവും കള്ളവും പറയുന്ന നേതാവാണ് ഇ.പി.ജയരാജൻ. ഇയാളെ പോലുള്ള നേതാക്കൾ പാർട്ടി പ്രവർത്തകർക്ക് അപമാനമായി മാറും.
വിമാനത്തിനകത്തെ പ്രതിഷേധത്തിൽ ഇ.പി.ജയരാജൻ പറഞ്ഞത് മുഖ്യമന്ത്രി വിമാനത്തിൽ നിന്നും ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധം നടന്നതെന്നാണ്.
എന്നാൽ പിന്നീട് പറഞ്ഞത് അദ്ദേഹത്തെ വധിക്കാൻ പ്രവർത്തകർ ശ്രമിച്ചെന്നാണ്. കള്ളവും നുണയും പറയുന്ന സിപിഎം നേതാക്കൾ കേരളത്തിന് നാണക്കേടായി മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പ്രായം പോലും അറിയാതെയാണ് വധശ്രമക്കേസിൽ പോലീസിന്റെ എഫ്ഐആറെന്നും സുധാകരൻ പരിഹസിച്ചു.
കോണ്ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ലായിരുന്നു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചത്.
വിമാനത്തിനകത്ത് പ്രതിഷേധിച്ച രീതി ഒഴിവാക്കാമായിരുന്നു. എന്നാൽ പ്രവർത്തകരെ തള്ളിപ്പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പോലീസ് സിപിഎമ്മിന്റെ പാർട്ടി ഗുണ്ട കളെ പോലെയാണ് പ്രവർത്തിക്കുന്നത്. ഇത് പോലീസ് സേനയ്ക്ക് അപമാനമാണെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനം ചോദിക്കും
സിപിഎം ഇപ്പോൾ കാണിക്കുന്ന അക്രമങ്ങൾക്കും അഴിമതിക്കും ജനങ്ങൾ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആരൊക്കെ എതിർത്താലും എന്ത് സംഭവിച്ചാലും കെ-റെയിൽ നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അതിൽ നിന്നും പിൻമാറേണ്ടി വന്നുവെന്നും അത് പോലെ അക്രമപ്രവർത്തനങ്ങളും അഴിമതിയും നടത്തുന്ന മുഖ്യമന്ത്രിയെ കൊണ്ട് ജനം കണക്കു പറയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.