കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അത് മലബാറിലെ സാധാരണ പ്രയോഗമാണ്. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല.
എല്‍ഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാല്‍ 10 വോട്ട് കൂടുതല്‍ കിട്ടുമെന്നും സുധാകരന് പറഞ്ഞു. സംസ്ഥാനത്ത് ഭരണം സ്തംഭിച്ച് നില്‍ക്കുകയാണ്.
സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തിട്ടില്ല. ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സര്‍ക്കാര്‍ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു.
ഈ സാഹചര്യത്തില്‍ ഉപയോഗിച്ച പ്രയോഗമാണ്. പിണറായിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ ആ പരാമര്‍ശം പിന്‍വലിക്കുന്നു.
മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. തൃക്കാക്കരയില്‍ ഭരണ സംവിധാനം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരന് ആരോപിച്ചു.
കണ്ണൂരുകാര് തമ്മില്‍ പറയുന്ന വാക്ക്: വി.ഡി സതീശന്
അത്തരം വാക്കുകള്‍ കണ്ണൂരുകാര് തമ്മില്‍ സാധാരണ പറയുന്നതാണ്. തൃക്കാക്കരയില്‍ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയര്‍ത്തി കൊണ്ട് വരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി.
രാഷ്്ട്രീയ ആയുധമാക്കാൻ എല്‍ഡിഎഫ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെപിസിസി പ്രസിഡന്റ് നടത്തിയ പരാമര്‍ശം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നേട്ടമാക്കാനൊരുങ്ങി ഇടതുപക്ഷം.
ട്വന്റി 20, ആം ആദ്മി വോട്ടുകളില്‍ യുഡിഎഫ് ക്യാമ്പ് വലിയ ആത്മവിശവാസം പ്രകടിപ്പിക്കുമ്പോള്‍ ഇടതുകാമ്പില് ഇക്കാര്യത്തില്‍ ചെറിയ തോതില്‍ ആശങ്കയുണ്ടായിരുന്നു.
അതിനിടെയാണ് സുധാകരന്റെ പ്രസ്താവന വലിയ രാഷ്ട്രീയ അവസരമായി എല്‍ഡിഎഫിനു വീണു കിട്ടുന്നത്.
പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴാണ് സുധാകരന്റെ വിവാദ പ്രസ്താവയില്‍ പിടിച്ച് യുഡിഎഫിനെതിരേ ആഞ്ഞടിക്കാനാണ് എല്‍ഡിഎഫ് നീക്കം.
ഇതിന്റെ ഭാഗായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും മന്ത്രി പി. രാജീവും ഉള്‍പ്പെടെയുള്ളവര്‍ സുധാകരനെതിരെ രംഗത്തുവന്നു കഴിഞ്ഞു.
തൃക്കാക്കരയിലെ ജനങ്ങളെ അണിനിരത്തി വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ത്തുമെന്ന് ഇ.പി. ജയരാജന് ഇന്നലെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
മുമ്പ് പ്രധാനമന്ത്ര നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മോശമായ പദപ്രയോഗം നടത്തിയതിന്റെ പേരില്‍ അദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്ത കാര്യം ഇടതുനേതാക്കള്ചൂണ്ടിക്കാട്ടുന്നു.
അതുപോലെ സുധാകരനെതിരേ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.
തൃക്കാക്കരയിലെ ജനങ്ങള്‍ക്കു പറ്റിയ അബദ്ധം തിരുത്താന്‍ പറ്റിയ അവസരമാണെന്ന് അടുത്തിടെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതും വിവാദമായിരുന്നു.