മാവേലിക്കര: ഇടതുപക്ഷ സർക്കാരിന്റെ ഭരണതുടർച്ച ജനം ആഗ്രഹിക്കുന്നുവെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു.
മാവേലിക്കര നഗരസഭയിലും തെക്കേക്കര പഞ്ചായത്തിലും നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേപ്പാട് പള്ളിയുമായി ബന്ധപ്പെട്ട് ഹീനമായ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ചിലർ മുതലക്കണ്ണീരൊഴുക്കുകയാണ്. രാജ്യവും കേരളവും ഭരിച്ചു മുടിച്ച കോണ്‍ഗ്രസിനെയും പ്രതികാര ബോധത്തോടെ വർഗീയത വളർത്തുന്ന ബിജെപിയെയും അവർ പരാജയപ്പെടുത്തും.
ഇടതുപക്ഷം ഭരിച്ചിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം നിലനിർത്തുകയും കഴിഞ്ഞ തവണ നഷ്ടപ്പെട്ടവ തിരിച്ചു പിടിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭയിൽ ഫാക്ടറി വാർഡിൽ നടന്ന യോഗത്തിൽ എ. നന്ദകുമാർ അധ്യക്ഷനായി. ആർ രാജേഷ് എംഎൽഎ, ലീല അഭിലാഷ്, അഡ്വ. പി.വി. സന്തോഷ്കുമാർ, അഡ്വ. നവീൻ മാത്യു ഡേവിഡ്, കെ. അജയൻ എന്നിവർ സംസാരിച്ചു.
തെക്കേക്കര മുള്ളിക്കുളങ്ങരയിൽ നടന്ന യോഗത്തിൽ അനിൽകുമാർ അധ്യക്ഷനായി.