കണ്ണൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികളുമായുണ്ടാക്കിയ സീറ്റ് വിഭജനത്തിൽ വ്യത്യാസം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘടകകക്ഷികൾക്ക് അധികസീറ്റ് ആവശ്യപ്പെടാം.
എന്നാൽ കൊടുക്കാൻ യുഡിഎഫിന് സാധിക്കില്ല. താൻ മത്സരിക്കണോ എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി ആവശ്യപ്പെട്ടാൽ സാഹചര്യം നോക്കി യുക്തമായ തീരുമാനമെടുക്കും. ഫെബ്രുവരി ആകുന്പോഴേക്കും തീരുമാനമെടുത്താൽ പോരേ. പാർട്ടി ഇക്കാര്യം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
കെപിസിസി പ്രസിഡന്റ് മത്സരിക്കുന്നത് ശരിയല്ല. കാരണം സംസ്ഥാനത്തെ പാർട്ടിയുടെ മൊത്തം ചുമതല അദ്ദേഹത്തിനായിരിക്കുമല്ലോ. ജനാധിപത്യവിജയത്തിന് അത് ആവശ്യമാണ്. ഉമ്മൻചാണ്ടി മത്സരിക്കുന്നത് വ്യക്തിപരമായി സ്വാഗതം ചെയ്യുന്നു. ഇത് യുഡിഎഫിന് ഒരു സീറ്റ് കൂടി വർധിക്കാനിടയാകും. കാസർഗോഡ് താൻ സ്ത്രീ വിരുദ്ധ പരാമർശനം നടത്തിയെന്നു പറയുന്നതു ശരിയല്ല. ശബരിമലയിൽ ആക്ടിവിസ്റ്റുകളെ ഇരുട്ടിന്റെ മറവിൽ കയറ്റിയതിനെതിരേയാണ് ഞാൻ പറഞ്ഞത്.
ആക്ടിവിസ്റ്റുകളേക്കാൾ തരംതാണ രീതിയിലാണ് മുഖ്യമന്ത്രി പെരുമാറിയത് എന്നാണ് ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞ വാക്കിന്റെ ഉദ്ദേശശുദ്ധിയിൽ ഉറച്ചുനിൽക്കുന്നതിനോടൊപ്പം തന്നെ എന്റെ പ്രസ്താവനയുടെ ഒരു ഭാഗം അടർത്തിയെടുത്തതാണ്. ഇനി ഏതെങ്കിലും ഒരു സ്ത്രീക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ്. കാരണം എന്റെ വളർച്ചയിൽ സ്ത്രീകളുടെ വലിയ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.