തിരുവനന്തപുരം: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന കുപ്രചരണങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും വീണു പോകരുതെന്ന അഭ്യർഥനയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
മാധ്യമങ്ങളിൽ വരുന്ന ഊഹാപോഹങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എല്ലാക്കാലത്തും കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളെയും അകാരണമായി വേട്ടയാടിയിട്ടുള്ള മാധ്യമങ്ങളുടെയും ചില സ്ഥാപിത താത്പര്യക്കാരുടെയും കുപ്രചരണങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.സുധാകരൻ അഭ്യർഥിച്ചിരിക്കുന്നത്.
പരിഗണിച്ചതു സംഘടനാശേഷി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. കോൺഗ്രസ് സംഘടനാപരമായി ശക്തിപ്പെട്ടേ തീരൂ എന്ന കാലഘട്ടത്തിന്റെ ആവശ്യം ഓരോ കോൺഗ്രസുകാരനും തിരിച്ചറിയണം.
കോൺഗ്രസിനെ ഉടച്ചുവാർക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുകയാണ്. സമുന്നതരായ നേതാക്കൾ ദിവസങ്ങളോളം കൂടിയാലോചിച്ച്, സംഘടനാ ശേഷി മാത്രം പരിഗണിച്ച് മികച്ചൊരു പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നത്.
വ്യാജവാർത്തകൾ
എന്നാൽ മാധ്യമ ലോകത്തിലെ സിപിഎം സഹയാത്രികരും കോൺഗ്രസ് നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ചിലരും ഒന്നുചേർന്ന് വ്യാജ വാർത്തകൾ ചമച്ച് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും കെ.സുധാകരൻ ആരോപിക്കുന്നു.
പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതകൾ മറച്ചു പിടിക്കാനാണ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലേയ്ക്കുള്ള അനാവശ്യ കടന്നുകയറ്റം എന്ന് ഓരോ പാർട്ടി പ്രവർത്തകനും തിരിച്ചറിയണമെന്നും കെ.സുധാകരൻ പറയുന്നു.
വ്യക്തിഹത്യ
ഈ പാർട്ടിയെ ചലനാത്മകമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുടെ കൊള്ളകളെ തുറന്നു കാണിക്കാൻ തക്ക സംഘാടക ശേഷിയുള്ള നേതാക്കളെ ഡിസിസി പ്രസിഡന്റുമാരായി പാർട്ടിക്ക് നൽകാനാണ് തീരുമാനങ്ങളെടുക്കാൻ ഇത്രയധികം സമയം സംസ്ഥാന നേതൃത്വം വിനിയോഗിച്ചത്.
ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാൻ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള പ്രവർത്തകർക്ക് ചേർന്നതല്ല എന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.