തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് അടിമുടി മാറാനൊരുങ്ങുന്നു. കെപിസിസി പ്രസിഡന്റായി കെ.സുധാകരനെ പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ യുഡിഎഫ് കൺവീനർ, പിസിസി, ഡിസിസി അഴിച്ചു പണി എന്നിവ ഉടൻ വേണമെന്ന നിലപാടിലാണ് എഐസിസി.
ഇതു സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തി ചർച്ചകൾ ആരംഭിക്കും.
ഗ്രൂപ്പുകളുടെ അപ്രമാദിത്വം ഇനി വേണ്ടെന്ന നിലപാടിലാണ് എഐസിസി. കേരളത്തിൽ കോൺഗ്രസിനു നേട്ടമുണ്ടാകണമെങ്കിൽ ഗ്രൂപ്പുകൾക്കുള്ള അമിത പ്രാധാന്യം ഇല്ലാതാക്കണം എന്ന വിലയിരുത്തലാണ് ഹൈക്കമാൻഡിന്.
സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനും സഹായകമായത് ഈ നിലപാടാണ്. കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുകയും ആറു മാസത്തിനുള്ളിൽ മാറ്റങ്ങളെല്ലാം പൂർത്തിയാക്കണമെന്നുമുള്ള തീരുമാനത്തിലാണ് ഹൈക്കമാൻഡ്.
വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയ കെ.വി തോമസ് യുഡിഎഫ് കൺവീനറായേക്കും എന്ന് സൂചനയുണ്ട്.
പിന്തുണ ഉറപ്പിക്കാൻ ശ്രമം
എ, ഐ ഗ്രൂപ്പുകളുമായി ഏറെക്കാലമായി അകന്നുനില്ക്കുന്ന കെ.സുധാകരൻ ഇനി പ്രധാന നേതാക്കളെ കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾക്കാണ് സുധാകരൻ മുൻതൂക്കം നൽകുക.
പുതിയ കെപിസിസി പ്രസിഡന്റ് ആരാവണം എന്നത് സംബന്ധിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരുടേയും പേര് പറഞ്ഞിരുന്നില്ല. ഹൈക്കമാന്ഡ് ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കും എന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്.
അതേസമയം കെപിസിസി പ്രസിഡന്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവും ഹൈക്കമാൻഡ് ആരംഭിച്ചിട്ടുണ്ട്.
ബൂത്ത് മുതൽ പുനസംഘടന: കെ.സുധാകരൻ
തിരുവനന്തപുരം: ഗ്രൂപ്പ് താൽപ്പര്യങ്ങൾ മാറ്റിവയ്ക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് കെപിസിസി നിയുക്ത പ്രസിഡന്റ് കെ.സുധാകരൻ.
കോൺഗ്രസിനെ ബൂത്ത് തലം മുതൽ പുനസംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു. തനിക്കു ഗ്രൂപ്പില്ലെന്നും ഒരു ഗ്രൂപ്പിന്റെയും വക്താവായിട്ടിരുന്നില്ലെന്നും കെ.സുധാകരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും അഭിപ്രായം ചോദിച്ച ശേഷമേ എന്ത് തീരുമാനവും എടുക്കുകയുള്ളൂ.
ഗ്രൂപ്പിനതീതമായി പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോവുകയാണ് ലക്ഷ്യം. സ്വന്തക്കാരെ കുത്തിത്തിരുകിയപ്പോൾ പാർട്ടിയിൽ അപചയം സംഭവിച്ചു- കെ.സുധാകരൻ പറഞ്ഞു.
കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് സംസ്ഥാനത്ത് പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും കോവിഡ് സാഹചര്യം രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ചാൽ സർക്കാരിനെ എതിർക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.