തൃശൂർ: ഒക്ടോബർ 31നകം സംസ്ഥാനത്തെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ എല്ലാ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ.
പുഴയ്ക്കൽ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 400 കോടിയും പാലം പണികൾക്കായി 179 കോടി രൂപയുമാണ് മാറ്റിവച്ചിട്ടുള്ളത്. സെക്്ഷൻ എൻജിനീയർമാർ മാത്രം ശ്രദ്ധിച്ചാൽ നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനാകും.
കേരളത്തിൽ ഭൂരിഭാഗം എൻജിനീയർമാർക്കും ധാർമികത ഇല്ല. 1400ഓളം എൻജിനീയർമാരാണ് കേരളത്തിലുള്ളത്. ഇത്രയധികം എൻജിനീയർമാർ കേരളത്തിന് ആവശ്യമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വടക്കാഞ്ചേരി മണ്ഡലത്തിനായി 20 കോടി 38 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മുണ്ടൂർ-പുറ്റേക്കര റോഡിന് 22 മീറ്റർ വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ, എംപിമാരായ ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, അനിൽ അക്കര എംഎൽഎ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി.കുര്യാക്കോസ്, മുൻ എംഎൽഎമാരായ തേറന്പിൽ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.