അമ്പലപ്പുഴ: ദേശീയപാതയുടെ വികസനത്തിനായി സ്വന്തം വീട്ടിൽനിന്നും പടിയിറങ്ങി പൊതുമരാമത്തു മന്ത്രി മാതൃകയായി. മന്ത്രി ജി. സുധാകരനും കുടുംബവുമാണ് കഴിഞ്ഞ 35 വർഷത്തിലധികമായി താമസിച്ചു വന്നിരുന്ന ദേശീയപാതയോരത്തെ വീട്ടിൽനിന്നും പടിയിറങ്ങിയത്. പുന്നപ്ര വടക്കു പഞ്ചായത്തിൽ തൂക്കുകുളം ജംഗ്ഷനു സമീപമായിരുന്നു മന്ത്രിയും ഭാര്യ ജൂബില നവപ്രഭയും താമസിച്ചിരുന്നത്.
ദേശീയപാത 45 മീറ്ററാക്കി വികസിപ്പിക്കുന്പോൾ മന്ത്രിയുടെ വീടും സ്ഥലവും പാത വികസനത്തിനായി വിട്ടു കൊടുക്കേണ്ടി വരും.ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് മന്ത്രി വീട് മാറിയത്. ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ നിരവധി സംഘടനകളും വ്യക്തികളും പ്രക്ഷോഭവുമായി രംഗത്തെത്തുന്ന സമയത്താണ് ഇവർക്ക് മാതൃകയായി മന്ത്രി വീടൊഴിഞ്ഞത്. പറവൂർ ഗവ. സ്കൂളിനു സമീപം മറ്റൊരു വീടു വാങ്ങിയാണ് മന്ത്രിയും കുടുംബവും ഇവിടേക്ക് താമസം മാറിയത്.