കണ്ണൂർ: കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ സഹായിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സുധാകരന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ് (37) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി പതിനൊന്നോടെ ഉറങ്ങാൻകിടന്ന ഇയാൾ രാവിലെയായിട്ടും എഴുന്നേൽക്കാത്തതിനെതുടർന്ന് സംശയം തോന്നിയ വീട്ടുജോലിക്കാരി വിളിച്ചപ്പോഴാണ് അനക്കമില്ലാത്തെ നിലയിൽ കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അമ്മ: ലക്ഷ്മി. ഏകസഹോദരി: പ്രഭാവതി. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ആറുവർഷമായി സുധാകരന്റെ സഹായിയായി പ്രസാദ് കൂടെയുണ്ട്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുധാകരൻ ചെങ്ങന്നൂരിലാണുള്ളത്. സുധാകരൻ ഇന്നു വൈകുന്നേരം കണ്ണൂരിലെത്തും. അസ്വഭാവിക മരണത്തിന് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്