സ്വന്തം ലേഖകൻ
കണ്ണൂര്‍: കെ.സുധാകരനിലൂടെ കേരളത്തിലെ കോൺഗ്രസിന് ഇനി കണ്ണൂർ സ്റ്റൈൽ. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന്റെയും നേതാക്കളുടെയും പൊതു സ്വഭാവവിശേഷമില്ലാത്ത നേതാവെന്ന നിലയിലാണ് സുധാകരന് വളര്‍ന്നത്.
കാരണം, അതാണ് രാഷ്ട്രീയത്തിന്റെ കണ്ണൂര്‍ സ്റ്റൈൽ. കോണ്‍ഗ്രസിന്റെ മൃദുസമീപനങ്ങള്ക്കു പകരം എതിരാളികളെ തീവ്രമായി നേരിടുക എന്ന നേതൃശൈലിയാണ് സുധാകരനെ വ്യത്യസ്തനാക്കുന്നത്. അതിനാല്‍ത്തന്നെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സുധാകരന് എത്തുമ്പോള്‍ കോണ്‍ഗ്രസില്‍ വരാന്‍ പോകുന്നത് ഒരുപാട് മാറ്റങ്ങളാണ്.
കോണ്‍ഗ്രസിലെ പുതുതലമുറ കാത്തിരിക്കുന്നതും ഈ മാറ്റങ്ങളാണ്. ഇടതുകോട്ടയായ കണ്ണൂരില്‍ കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തിയതിനു പിന്നിലുള്ള കരം സുധാകരന്റേതു തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശിഥിലമായ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനും ഊര്‍ജം പകരാനും സുധാകരന്റെ കടന്നുവരവ് പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല.
കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവുമാദ്യം വന്നെത്തുന്ന പേര് കെ. സുധാകരന്റേതാണ്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനിടയില് സിപിഎമ്മിനോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ള ഏക കോൺഗ്രസ് നേതാവ് സുധാകരന് മാത്രമായിരുന്നു.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ നയങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചതും ചില കാര്യങ്ങളില്‍ മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കളിലൊരാൾ സുധാകരനാണ്.
രണ്ടാംവട്ടവും ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരികയും പിണറായി വിജയൻ മുഖ്യമന്ത്രിയാകുകയും ചെയ്ത സാഹചര്യത്തിൽ സുധാകരന് കെപിസിസി തലപ്പത്തേക്ക് എത്തുന്നതോടെ രാഷ്ട്രീയപരമായ ഒരുപാട് പോരാട്ടങ്ങള്‍ക്ക് കേരളം സാക്ഷിയാകും.
ഘട്ടം ഘട്ടമായ വളർച്ച
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായുള്ള സുധാകരന്റെ വളര്‍ച്ച ഘട്ടംഘട്ടമായിട്ടായിരുന്നു. സ്കൂള്‍ കാലഘട്ടത്തില്‍ കെഎസ്യുവില് പ്രവര്‍ത്തിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. കെഎസ്യുവിന്റെ ഉന്നത പദവികളിലിരുന്നാണ് പിന്നീട് മുന്നേറിയത്.
1968-80 കാലഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെയാണ് കണ്ണൂര്‍ ജില്ലയില്‍ സുധാകരന് വലിയ നേതാവായി ഉയര്‍ന്നുവന്നത്. 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാകോണ്ഗ്രസിനൊപ്പം നിന്നതോടെ അദ്ദേഹം കോണ്‍ഗ്രസിലെ വലിയ നേതാവായി അംഗീകരിക്കപ്പെടുകയായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് അദ്ദേഹം ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും 1984-ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു. തയ്യൽ തൊഴിലാളിയും ജനസംഘം പ്രവർത്തകനുമായ വാടിക്കല്‍ രാമകൃഷ്ണന് കൊല്ലപ്പെട്ടതോടെ കണ്ണൂർ ജില്ലയിൽ ആരംഭിച്ച രാഷ്ട്രീയകൊലപാതകങ്ങള്‍ എല്ലാ പാര്‍ട്ടികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു.
ഇക്കാലങ്ങളില്‍ സുധാകരന് തന്റെ തീപ്പൊരി പ്രസംഗങ്ങള്‍കൊണ്ട് നിരവധി അനുയായികളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിരുന്നു.
പോരാട്ടം ഒന്നിച്ച്
എം.വി. രാഘവന് സിപിഎം വിട്ടതോടെ രാഷ്ട്രീയ അക്രമങ്ങള്‍ വലിയതോതില്‍ കണ്ണൂര്‍ ജില്ലയില്‍ വര്‍ധിച്ചിരുന്നു. യുഡിഎഫിനൊപ്പം രാഘവന് കൂടി ചേര്‍ന്നതോടെ പോരാട്ടം സുധാകരനും രാഘവനും ഒരുമിച്ചായിരുന്നു. 1991-ല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്തതോടെ കോണ്‍ഗ്രസ് ജില്ലയില്‍ ശക്തിപ്പെട്ടു.
അതേവര്‍ഷംതന്നെ അദ്ദേഹം എടക്കാട് നിയമസഭാമണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കോടതിവിധിയിലൂടെ ഇവിടെ ചരിത്രവിജയം നേടാനും കോണ്‍ഗ്രസിന് സാധിച്ചു. മൂന്നുതവണ പരാജയം വഴങ്ങിയശേഷമായിരുന്നു സുധാകരന്റെ വിജയം.
പക്ഷേ ഈ വിധിക്കെതിരേ ഒ. ഭരതന് സുപ്രീം കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. 1995-ല്‍ ഇ.പി.ജയരാജനെ ആക്രമിച്ച കേസില്‍ സുധാകരനെ കസ്റ്റഡിയിലെടുത്തത് അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുകയാണു ചെയ്തത്. ആന്റണി മന്ത്രിസഭയില്‍ വനം-കായിക മന്ത്രിയായി സുധാകരന്.
1996 മുതല്‍ തുടര്‍ച്ചയായി കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചു വിജയിച്ചാണ് സുധാകരന് കോണ്‍ഗ്രസിന്റെ കോട്ട കാത്തത്. മൂന്നുതവണ നിയമസഭയിലേക്കും ഒരുതവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം. 2014-ല്‍ പി.കെ. ശ്രീമതിയോട് തോറ്റതോടെയാണ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമായത്.
2016-ൽ ഇടതുകോട്ടയായ ഉദുമയിൽ മത്സരിച്ചെങ്കിലും തോറ്റു. എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിയായ പി.കെ.ശ്രീമതിയെ 94,559 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോല്‍പ്പിച്ച് വീണ്ടും കണ്ണൂര്‍ എംപിയായി സുധാകരനെത്തി.
വിവാദങ്ങളിലൂടെ
കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പോരാട്ടം കാത്തുസൂക്ഷിക്കുന്ന സുധാകരന് വിവാദങ്ങള്‍കൊണ്ടാണ് പലപ്പോഴും അറിയപ്പെട്ടിരുന്നത്. കണ്ണൂരില്‍ കോണ്‍ഗ്രസിലെ പുതുതലമുറ നേതാക്കളെ മുഴുവന്‍ വളര്‍ത്തിക്കൊണ്ടുവന്നതിന്റെ നേട്ടവും അദ്ദേഹത്തിനുള്ളതാണ്. ജില്ലയില്‍ സിപിഎം രാഷ്ട്രീയ എതിരാളിയായി പ്രഖ്യാപിച്ചിരിക്കുന്നതും കെ. സുധാകരനെത്തന്നെയാണ്.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സുധാകരന്റെ പേര് ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍, ഗ്രൂപ്പിനതീതമായി ചിലര്‍ കൂട്ടംചേര്‍ന്ന് ഹൈക്കമാന്‍ഡിന്റെ പേരു പറഞ്ഞ് വെട്ടുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷമാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരന്റ് പേര് ഉയര്‍ന്നുവന്നത്.
സുധാകരന് നേതൃസ്ഥാനത്തേക്ക് വരാന്‍ ഏറെക്കുറെ സന്നദ്ധനായിരുന്നു. കെപിസിസി ആസ്ഥാനത്തുള്‍പ്പെടെ സുധാകരന്റെ ഫ്ലക്സ് ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സുധാകരന് കെപിസിസി പ്രസിഡന്റാകണമെന്നാവശ്യപ്പെട്ട് വോട്ടിംഗ് കാന്പയിനും നടന്നു.
രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും സുധാകരന്റെ അധ്യക്ഷസ്ഥാനത്തേക്കുള്ള കടന്നുവരവിന് “കേരളത്തിലെ ഹൈക്കമാന്‍ഡ് ‘ തടയിടുകയായിരുന്നു. കെപിസിസി നേതൃസ്ഥാനത്തേക്കുള്ള തന്റെ കടന്നുവരവിനെ തടയിട്ടവര്ക്കെതിരേ സുധാകരൻ പരസ്യമായി രൂക്ഷവിമര്‍ശനവും നടത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സുധാകരന്റെ പേര് നിര്‍ദേശിച്ചെങ്കിലും അതിനും തടയിട്ടു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിലും നേതൃത്വത്തെ കടന്നാക്രമിക്കാതെ സുധാകരന് ഇക്കുറി മൗനം പാലിക്കുകയായിരുന്നു. ഇതിനിടയിലാണ് മൂന്നുവട്ടവും വഴുതിപ്പോയ കെപിസിസി പ്രസിഡന്റ് പദവി ഒടുവിൽ സുധാകരനെ തേടിയെത്തുന്നത്.