ആലപ്പുഴ: തെരഞ്ഞെടുപ്പു പ്രചാരണത്തിലെ വീഴ്ചയുടെ പേരിലുള്ള പാർട്ടി അന്വേഷണത്തിൽ പരോക്ഷമായി അമർഷം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.
സുധാകരന്റെ കവിത. “നേട്ടവും കോട്ടവും’ എന്നു പേരിട്ടിരിക്കുന്ന കവിതയിൽ “ഒരുതരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാൻ എന്റെയീ മഹിതജീവിതം സാമൂഹ്യമായെന്ന് പറയും സ്നേഹിതർ, സത്യമതെങ്കിലും’… എന്നാണ് സുധാകരൻ കുറിച്ചിരിക്കുന്നത്.
“ഇനി ഒരു ജന്മമുണ്ടോ; ജന്മാന്തരങ്ങളിൽ പ്രണയപൂർവം പ്രതീക്ഷയിൽ അല്ല ഞാൻ’ എന്നും “മനുജപർവം കഴിഞ്ഞിനി ശേഷിപ്പൂ ചരിതവീഥി തൻ നേട്ടവും കോട്ടവും’ എന്നും സൂചിപ്പിച്ചതിലൂടെ ഇനി തിരിച്ചുവരവില്ലെന്നും വ്യംഗ്യേന പറയുന്നുവെന്നാണ് കവിതയെ വിലയിരുത്തുന്നവരുടെ പക്ഷം.
എന്തായാലും, അന്വേഷണം നടക്കുന്നതിനിടെ പുറത്തുവന്ന കവിത കൂടുതൽ ചർച്ചകൾക്കു വഴിവയ്ക്കുമെന്നു തീർച്ച. അതേസമയം പുതിയ തലമുറയെ ക്ഷണിക്കുന്നതാണ് തന്റെ കവിതയെന്നും ദുർവ്യാഖ്യാനങ്ങൾക്കു പ്രസക്തിയില്ലെന്നുമായിരുന്നു ജി. സുധാകരന്റെ പ്രതികരണം.
സുധാകരന്റെ കവിതയ്ക്കെതിരേ ഡിവൈഎഫ്ഐ നേതാവ് അനു കോയിക്കലിന്റെ മറുപടി കവിതയും എത്തിയിട്ടുണ്ട്. “രാജാവിനധികാരം ഉപയോഗിച്ചു ഞാൻ, പ്രജകൾ തൻ അഭിമനം ഞാനുണ്ടോ അറിവതു, അധികാരത്തിൽ ബലത്തിലല്ലോ ഞാനതു ചെയ്തതു എന്നുപറഞ്ഞാണ് മറുപടി കവിത.