കൊല്ലം: ജില്ലയില്‍ 2000 കോടി രൂപയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. കൊട്ടാരക്കര റിംഗ് റോഡിന്റെ നിര്‍മാണോദ്ഘാടനവും നവീകരിച്ച റോഡുകളുടെ സമര്‍പ്പണവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലൂടെ കടന്ന് പോകുന്ന 200 കോടി രൂപ ചെലവുള്ള മലയോര ഹൈവേ നിര്‍മാണം ഉടന്‍ തുടങ്ങും. ഇതോടൊപ്പം ദേശീയപാത നാലു വരിയാക്കുന്ന പ്രവര്‍ത്തനവും കാലതാമസം കൂടാതെ നടപ്പിലാക്കും. ഇതിനായി ജില്ലയ്ക്ക് മാത്രമായി 200 കോടി രൂപയാണ് അനുവദിച്ചത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും റോഡ് വികസനം ത്വരിതഗതിയിലാണ് നടപ്പിലാക്കുന്നത്. ഗ്രാമീണ റോഡുകളെല്ലാം നിലവാരമുറപ്പാക്കിയാണ് നിര്‍മിക്കുന്നത്. കൊട്ടാരക്കരയില്‍ 34 കിലോമീറ്റര്‍ റോഡ് 24 കോടി രൂപ ചെലവാക്കി നിര്‍മിക്കുകയാണ്.
നെടുവത്തൂര്‍ – പുത്തൂര്‍ , മൂര്‍ത്തിക്കാവ് – മനക്കര റോഡുകള്‍ മികച്ച നിലയില്‍ നവീകരിക്കുകയും ചെയ്തു. മണ്ഡലത്തില്‍ 110 കോടി രൂപ വിവിധ റോഡുകള്‍ക്കായി അനുവദിച്ചു. ബജറ്റ് പ്രവൃത്തികള്‍ക്ക് പുറമെ 47 കോടി രൂപ പ്രത്യേകമായും അനുവദിച്ചിട്ടുണ്ട്. ആകെ 225 കോടി രൂപയുടെ റോഡ് വികസനമാണ് ഇവിടെ നടത്തുക.
ഗ്രാമീണ മേഖലയില്‍ ഉന്നത നിലവാരമുള്ള റോഡുകളുടെ നിര്‍മാണത്തിലൂടെ സുഗമ ഗതാഗതവും യാത്രാസൗകര്യവുമാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷയായ പി. അയിഷാപോറ്റി എംഎല്‍എ പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എം.പി., എസ് സി-എസ്ടി. ഡെവലപ്മെന്റ് കോര്പറേഷന് ചെയര്മാന് ബി. രാഘവന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കൊട്ടാരക്കര നഗരസഭ ചെയര്‍പേഴസന്‍ ബി. ശ്യാമള അമ്മ, ജില്ലാ പഞ്ചായത്ത് അംഗം എസ്. പുഷ്പാനന്ദന്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ശ്രീകല, മറ്റു ജനപ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ വി. വി. ബിനു, ഇ. ജി. വിശ്വപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.