കോട്ടയം: കെ. സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ ഡിസിസിയിലും ഉടന്‍ അഴിച്ചു പണി വരും.
നിലവിലെ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പും മറ്റു മുഴുവന്‍ ഭാരവാഹികളും മാറും. ഗ്രൂപ്പിനതീതമായ പുനഃസംഘടനയാണ് കെ. സുധാകരന് ലക്ഷ്യം വയ്ക്കുന്നത്.
ഇന്നലെ ഇന്ദിരാ ഭവനില്‍ സ്ഥാനമേറ്റതിനുശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവരുമായി കെ. സുധാകരന് ചര്‍ച്ച നടത്തിയിരുന്നു.
പുതിയ ഒരു ടീമിനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചന സുധാകരന് നേതാക്കള്‍ക്ക് നല്കി. വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കൈയിലാണ് കോട്ടയം ജില്ലയിലെ ഡിസിസി പ്രസിഡന്റ് സ്ഥാനം.
ഇത്തവണ ഗ്രൂപ്പിനതീമായവരെ പ്രസിഡന്റാക്കാന്‍ സുധാകരന് തീരുമാനിച്ചാലും ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായവും ഉപദേശവും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാണ്.
ഫില്‍സണ്‍ മാത്യൂസ്, യുജിന്‍ തോമസ് എന്നിവരുടെ പേരുകളാണ് സജീവമായ പരിഗണനയിലുള്ളത്. സാമുദായിക പരിഗണന നോക്കിയാണു തീരുമാനമെങ്കില്‍ യൂജിനു നറുക്കു വീണേക്കാം.
എ ഗ്രൂപ്പില്‍നിന്നു സിബി ചേനപ്പാടി, നാട്ടകം സുരേഷ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് ജോബി അഗസ്റ്റിന് എന്നിവരും സ്ഥാനത്തിനുവേണ്ടി രംഗത്തുണ്ട്. ഇവരില്‍ പലരും ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.
ഗ്രൂപ്പില്ലാത്ത നിയമനം സംസ്ഥാന വ്യാപകമായി നടക്കുകയാണെങ്കില്‍ ആലപ്പുഴ ഐ ഗ്രൂപ്പില്‍നിന്നു വാങ്ങി എ ഗ്രൂപ്പിനു നല്‍കുകയും കോട്ടയം ഐ ഗ്രൂപ്പിനു നല്‍കാനും ചര്‍ച്ചയുണ്ട്.
അങ്ങനെ വന്നാല്‍ ഐ ഗ്രൂപ്പില്‍നിന്നുള്ള ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം എന്നിവരിലൊരാള്‍ക്കാണ് സാധ്യത. ഐഎന്‍ടിയുസി പ്രസിഡന്റ് എന്ന നിലയിലുള്ള പ്രകടനമാണ് ഫിലിപ്പിന് ഗുണമാകുന്നത്.
സാമൂദായിക പരിഗണനയും രണ്ടുപേര്‍ക്കും ഗുണകരമാണ്. മുന്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്ക് ഒരു ടേം കൂടി നല്‍കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ഇദ്ദേഹത്തിന്റെ കാലത്തെ പ്രവര്‍ത്തനങ്ങള്‍ എഐസിസി തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ ക്രിസ്ത്യന്‍ സമൂദായത്തില്‍നിന്നുള്ള ഒരാള്‍ ഡിസിസി പ്രസിഡന്റാകണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടയില്‍ ജില്ലയിലെ ഒരു മുതിര്‍ന്ന നേതാവിനന്റെ നേതൃത്വത്തില്‍ പുതിയ കെപിസിസി പ്രസിഡന്റിന്റെ പേരില്‍ പുതിയ ഗ്രൂപ്പും രൂപപ്പെട്ടിട്ടുണ്ട്. എ, ഐ വിഭാഗത്തില്‍നിന്നുള്ള ചില നേതാക്കള്‍ ഈ ഗ്രൂപ്പിലേക്ക് ചേക്കേറിയിട്ടുണ്ട്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയും ഗ്രൂപ്പിനുണ്ട്. ഇതിനെ മുളയിലെ നുള്ളാനാന് എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്.