കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ വിജയത്തിന്റെ ശില്പിയായ കെ.സുധാകരന്റെ ലക്ഷ്യം കെപിസിസി പദവി. എന്നാൽ ഇതിന് തടയിടാൻ എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും വേണുഗോപാൽ ഗ്രൂപ്പും രംഗത്ത്.
സംസ്ഥാനത്തെ അഞ്ചു കോർപറേഷനുകളും യുഡിഎഫിനെ കൈവിട്ടപ്പോൾ ആശ്വാസമായത് കണ്ണൂർ കോർപറേഷനായിരുന്നു. താൻ കണ്ണൂരിൽ ക്യാന്പ് ചെയ്താണ് ഇതു സാധിച്ചെടുത്തതെന്ന് കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചില യുഡിഎഫ് നേതാക്കളുടെ സ്വന്തം മണ്ഡലത്തിലെ പഞ്ചായത്തുകളും നഗരസഭകളും എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതിനെതിരേയുളള ഒളിയന്പായിരുന്നു സുധാകരന്റേത്.
യുഡിഎഫിന്റെ ദയനീയ തോൽവിയിൽ ആദ്യം നേതൃത്വത്തിനെതിരേ വടിയെടുത്തത് സുധാകരനായിരുന്നു. നേതൃത്വം മാറണമെന്നായിരുന്നു സുധാകരന്റെ ആവശ്യം. മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെയായിരുന്നു സുധാകരൻ ലക്ഷ്യം വച്ചിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ സ്ഥാനാർഥി നിർണയത്തിൽ കെപിസിസി അധ്യക്ഷനുമായി യാതൊരു കൂടിയാലോചനയും സുധാകരൻ നടത്തിയില്ല. 13 ജില്ലാ കമ്മിറ്റികളും കെപിസിസി നിർദേശാനുസരണം പ്രവർത്തിച്ചപ്പോൾ കണ്ണൂരിലെ സ്ഥാനാർഥി നിർണയം കെ.സുധാകരന്റെ നിർദേശപ്രകാരമായിരുന്നു.
വെൽഫെയർ പാർട്ടിയുമായി സഖ്യം പാടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞപ്പോഴും കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസിന്റെ ഒരു സീറ്റ് വെൽഫെയർ പാർട്ടിക്ക് കൊടുത്തതും കെ.സുധാകരന്റെ നിർദേശത്തിലാണ്.
ഇതിനെതിരേ കണ്ണൂരിലെ ഡിസിസിയുടെ സ്ഥാനാർഥികൾക്ക് മേലെ കെപിസിസിയുടെ സ്ഥാനാർഥികൾക്ക് അംഗീകാരം നല്കി സുധാകരന് മുല്ലപ്പള്ളി തിരിച്ചടി നല്കിയെങ്കിലും കോർപറേഷൻ ഭരണത്തിൽ മികച്ച വിജയം നേടാനായത് സുധാകരന് പ്ലസ് മാർക്കാണ്.
ഒപ്പം കെപിസിസി പദവി എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയും തെളിഞ്ഞു. ഇനി വേണ്ടത് തെക്കോട്ടുള്ള നേതാക്കളുടെ പിന്തുണയാണ്.