കണ്ണൂർ: കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധകരൻ എംപി. അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം ദേശീയ നേതാക്കളുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
കെ.വി. തോമസിനെ നഷ്ടപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല പരിഗണിക്കപ്പെടുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാൻ തയാറാണെന്നാണ് സുധാകരന്റെ നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ നിന്നു മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചതോടെയാണ് അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ എന്ന അഭ്യൂഹങ്ങളുയർന്നത്.
കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചപ്പോൾ സുധാകരനും ക്ഷണമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഡൽഹിക്ക് പോയില്ല.
കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നേതൃത്വം നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഉമ്മൻ ചാണ്ടി തലവനായി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്.